ഫിലിപ്പീൻസുമായി തർക്കമുള്ള ദ്വീപ് പിടിച്ചെടുത്തുവെന്ന് ചൈന
Tuesday, April 29, 2025 1:13 AM IST
ബെയ്ജിംഗ്: തെക്കൻ ചൈനാക്കടലിൽ ഫിലിപ്പീൻസുമായി തർക്കമുള്ള കുഞ്ഞന്ദ്വീപ് പിടിച്ചെടുത്തതായി ചൈന അവകാശപ്പെട്ടു.
സ്പ്രാറ്റ്ലി ദ്വീപ് സമൂഹത്തിൽപ്പെട്ട, 200 ചതുരശ്രമീറ്റർ മാത്രം വിസ്തീർണമുള്ള സാൻഡി കേ എന്ന മണൽത്തിട്ട ചൈനയുടെ പരമാധികാരത്തിനു കീഴിലായെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നാല് ഉദ്യോഗസ്ഥർ ഇവിടെ ചൈനീസ് പതാക പിടിച്ചു നിൽക്കുന്ന ചിത്രവും പുറത്തുവിട്ടു. ചൈനീസ് ഉദ്യോഗസ്ഥർ പിന്നീട് ഇവിടെനിന്നു പോയി.
ഇതിനു പിന്നാലെ സ്പ്രാറ്റ്ലി ദ്വീപുകളിൽപ്പെട്ട മൂന്നു മണൽത്തിട്ടകളിൽ തങ്ങളുടെ നിയന്ത്രണത്തിലാക്കിയെന്ന് ഫിലിപ്പീൻസ് അറിയിച്ചു. ചൈന പുറത്തുവിട്ടതിനു സമാനമായി ഈ മണൽത്തിട്ടകളിൽ ഫിലിപ്പീനി ദേശീയപതാക പിടിച്ചു നിൽക്കുന്ന ഉദ്യോഗസ്ഥരുടെ ചിത്രവും പുറത്തുവിട്ടു.