യുഎസ് ആക്രമണത്തിൽ 68 അഭയാർഥികൾ കൊല്ലപ്പെട്ടതായി ഹൂതികൾ
Tuesday, April 29, 2025 1:13 AM IST
സനാ: അമേരിക്കൻ സേന യെമനിൽ നടത്തിയ ആക്രമണത്തിൽ 68 ആഫ്രിക്കൻ അഭയാർഥികൾ കൊല്ലപ്പെട്ടതായി ഹൂതി വിമതർ അവകാശപ്പെട്ടു.
ശനിയാഴ്ച രാത്രി വടക്കുപടിഞ്ഞാറൻ യെമനിലെ സാദാ പ്രവിശ്യയിൽ അമേരിക്കൻ സേന നടത്തിയ ആക്രമണത്തിനിടെ അഭയാർഥികളെ പാർപ്പിച്ചിരുന്ന തടവറയിൽ ബോംബ് പതിക്കുകയായിരുന്നത്രേ. 47 അഭയാർഥികൾക്കു പരിക്കേറ്റുവെന്നും ഇതിൽ പലരുടെയും നില അതീവഗുരുതരമാണെന്നും ഹൂതികൾ പറഞ്ഞു.
അതേസമയം, അമേരിക്കൻ സേന വിഷയത്തിൽ പ്രതികരണത്തിനു തയാറായില്ല. മാർച്ച് 15ന് പ്രസിഡന്റ് ട്രംപിന്റെ ഉത്തരവു പ്രകാരം യെമനിലെ 800 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്നും നൂറുകണക്കിനു ഹൂതി പ്രവർത്തകർ കൊല്ലപ്പെട്ടുവെന്നും അമേരിക്കൻ സേന കഴിഞ്ഞദിവസം അറിയിച്ചതിനു പിന്നാലെയാണ് ജയിലിൽ ബോംബ് വീണ കാര്യം ഹൂതികൾ പറഞ്ഞത്.
ആഫ്രിക്കയിൽനിന്ന് യെമൻ വഴി സൗദിയിലേക്കു കുടിയേറാൻ ശ്രമിക്കവേ പിടിയിലായ അഭയാർഥികളാണ് കൊല്ലപ്പെട്ടതെന്നു കരുതുന്നു.