സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ട്രംപ് -സെലൻസ്കി കൂടിക്കാഴ്ച
Sunday, April 27, 2025 12:04 AM IST
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്കശുശ്രൂഷകളിൽ പങ്കെടുക്കാനെത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയും വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ സ്വകാര്യ കൂടിക്കാഴ്ച നടത്തി. 15 മിനിറ്റ് നീണ്ട കൂടിക്കാഴ്ച വളരെ ഫലപ്രദമായിരുന്നുവെന്ന് വൈറ്റ് ഹൗസും യുക്രെയ്ൻ വൃത്തങ്ങളും അറിയിച്ചു.
യുക്രെയ്നും റഷ്യയും വെടിനിർത്തലിന്റെ വക്കിലാണെന്ന് ട്രംപ് പറഞ്ഞതിനു പിറ്റേന്നാണ് കൂടിക്കാഴ്ച നടന്നത്. ട്രംപും സെലൻസ്കിയും ബസിലിക്കയ്ക്കുള്ളിൽ കസേരയിലിരുന്നു സംസാരിക്കുന്ന ചിത്രങ്ങൾ യുക്രെയ്ൻ വൃത്തങ്ങൾ പുറത്തുവിട്ടു.
സഹായികളെ കൂടാതെയാണ് ഇരുവരും സംസാരിച്ചത്. മറ്റൊരു ചിത്രത്തിൽ ട്രംപ്, സെലൻസ്കി, ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ എന്നിവർ ബസിലിക്കയ്ക്കുള്ളിൽ കൂടിനിന്നു സംസാരിക്കുന്നതും കാണാം.
ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം ട്രംപും സെലൻസ്കിയും മുഖാമുഖം സംസാരിക്കുന്ന ആദ്യ സന്ദർഭമാണിത്. ഫെബ്രുവരി കൂടിക്കാഴ്ചയിൽ ലോകമാധ്യമങ്ങൾക്കു മുന്നിൽ സെലൻസ്കിയെ നാണംകെടുത്തുന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചിരുന്നത്.
വെടിനിർത്തൽ ചർച്ചകൾക്കായുള്ള അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് കഴിഞ്ഞദിവസം റഷ്യയിലെത്തി പ്രസിഡന്റ് പുടിനെ കണ്ടിരുന്നു.