ഫ്രാൻസിസ് മാർപാപ്പ തെളിച്ച വഴിയിലൂടെ സഭ മുന്നോട്ട്; കബറടക്ക കുർബാനയിൽ കർദിനാൾ റേ
Sunday, April 27, 2025 2:11 AM IST
വത്തിക്കാൻ സിറ്റി: പന്ത്രണ്ടു വർഷത്തെ അജപാലനദൗത്യത്തിൽ ഫ്രാൻസിസ് മാർപാപ്പ മുറുകെപ്പിടിച്ച പാവപ്പെട്ടവരോടും അഗതികളോടുമുള്ള കരുതലും അനീതിക്കെതിരായ പോരാട്ടവും യുദ്ധവിരുദ്ധതയും കത്തോലിക്കാ സഭ തുടരുമെന്ന്, ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്ക കുർബാനയ്ക്ക് കാർമികത്വം വഹിച്ച കർദിനാൾ ജൊവാന്നി ബാത്തിസ്ത റേ. ഫ്രാൻസിസ് മാർപാപ്പ തെളിച്ച വഴിയിൽനിന്നൊരു മടക്കം സഭയ്ക്കില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു, കർദിനാൾ തിരുസംഘത്തിന്റെ അധ്യക്ഷൻകൂടിയായ കർദിനാൾ റേ കുർബാനയ്ക്കിടെ നല്കിയ സന്ദേശം.
വിശ്വാസം ഉറപ്പുവരുത്തുന്ന അനശ്വരത, കല്ലറകളിൽ ഒതുങ്ങുന്നില്ല
ഫ്രാൻസിസ് പാപ്പാ തന്റെ പന്ത്രണ്ടു വർഷക്കാലത്തെ പത്രോസിനടുത്ത ശുശ്രൂഷാ കാലയളവിൽ നിരവധി തവണ വിശുദ്ധ ബലിയർപ്പിച്ച വത്തിക്കാൻ ചത്വരത്തിൽ, ഇന്ന് അദ്ദേഹത്തിന്റെ ഭൗതികശരീരത്തിനു ചുറ്റും നിന്നുകൊണ്ട്, ഹൃദയവേദനയോടെ പ്രാർഥനകളിൽ ആയിരിക്കുമ്പോൾ, വിശ്വാസം ഉറപ്പുവരുത്തുന്ന അനശ്വരത, കല്ലറകളിൽ ഒതുങ്ങുന്നില്ല; മറിച്ച്, ഒരിക്കലും അവസാനിക്കാത്ത സന്തോഷം ആസ്വദിക്കുന്ന പിതാവിന്റെ ഭവനത്തിൽ നമ്മെ എത്തിക്കുന്നുവെന്നു പറഞ്ഞുകൊണ്ടാണ് കർദിനാൾ റേ തന്റെ സന്ദേശം ആരംഭിച്ചത്. കബറടക്ക ശുശ്രൂഷകൾക്കായി ലോകത്തിന്റെ നാനാഭാഗത്തുനിന്നെത്തിയ രാഷ്ട്രത്തലവന്മാർക്കും പ്രതിനിധികൾക്കും നാനാതുറകളിൽനിന്നുള്ള ജനങ്ങൾക്കും കർദിനാൾ സംഘത്തിന്റെ നാമത്തിൽ അദ്ദേഹം നന്ദിയർപ്പിച്ചു.
ജനങ്ങളുടെ ഹൃദയങ്ങളെയും മനസിനെയും സ്പർശിക്കാൻ ഫ്രാൻസിസ് മാർപാപ്പയ്ക്കുണ്ടായിരുന്ന പ്രത്യേക സിദ്ധി കർദിനാൾ ഓർമിപ്പിച്ചു. മാർപാപ്പയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി കഴിഞ്ഞ ദിവസങ്ങളിൽ വത്തിക്കാനിലേക്ക് ഒഴുകിയെത്തിയ ലക്ഷങ്ങൾ ഇതിനുദാഹരണമായിരുന്നു. അനശ്വര സന്തോഷത്തിലേക്ക് ഫ്രാൻസിസ് പാപ്പായെ ദൈവം സ്വീകരിക്കുന്നതിനായി അദ്ദേഹത്തിന്റെ ആത്മാവിനുവേണ്ടി നമുക്കു പ്രാർഥിക്കാമെന്നും കർദിനാൾ എല്ലാവരെയും ഓർമിപ്പിച്ചു.
അനാരോഗ്യം മറന്ന് ഫ്രാൻസിസ് മാർപാപ്പാ
നല്ലിടയനായ കർത്താവിന്റെ പാത പിന്തുടർന്ന ഫ്രാൻസിസ് മാർപാപ്പ അവശതകൾക്കിടയിലും സ്വയം സമർപ്പണത്തോടെ ജോലി തുടർന്നു. കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടും മരണത്തിനു തലേന്ന് ഈസ്റ്റർ ഞായറിൽ അദ്ദേഹം സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണിയിൽനിന്ന് നമ്മെ അനുഗ്രഹിച്ച ചിത്രം ഓർമയിൽനിന്നു മായ്ക്കാനാവില്ല. തുടർന്ന് പോപ്പ്മൊബീലിൽ വത്തിക്കാൻ ചത്വരത്തിലെത്തിയ മാർപാപ്പ ഈസ്റ്റർ കുർബാനയ്ക്കെത്തിയവരെ അഭിവാദ്യം ചെയ്യാനും തയാറായി.
യേശുവിന്റെ പത്രോസിനോടുള്ള ചോദ്യങ്ങൾ എടുത്തു പറഞ്ഞുകൊണ്ട് സന്ദേശം തുടർന്നു: ""പത്രോസേ, നീ ഇവരേ ക്കാൾ എന്നെ സ്നേഹിക്കുന്നുണ്ടോ?'' എന്ന യേശുവിന്റെ ചോദ്യത്തിന്, പത്രോസ് നൽകിയ മറുപടി നൈസർഗികവും ആത്മാർഥവുമായിരുന്നു. ""കർത്താവേ, നീ എല്ലാം അറിയുന്നു; ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ടെന്ന് നിനക്കറിയാമല്ലോ!''എന്ന പത്രോസിന്റെ മറുപടിക്ക് യേശു നൽകുന്ന ദൗത്യം തന്റെ ആടുകളെ മേയ്ക്കുക എന്നതായിരുന്നു.
സേവിക്കപ്പെടാനല്ല, സേവിക്കാനും എല്ലാവർക്കുമായി തന്റെ ജീവൻ മറുവിലയായി നൽകാനും വന്ന യേശുവിന്റെ അതേ സേവനമാതൃക തുടരുകയെന്നതാണ്, പത്രോസിന്റെ പിൻഗാമികളുടെയും ദൗത്യം. ഈ ദൗത്യം അഭംഗുരം തന്റെ ജീവിതത്തിൽ പ്രാവർത്തികമാക്കിയ വ്യക്തിയാണ് ഫ്രാൻസിസ് പാപ്പായെന്നും അവസാന നാളുകളിൽ വേദനയുടെ നിമിഷങ്ങളിൽ പോലും അദ്ദേഹം ആത്മദാനത്തിന്റെ ഈ പാത പിന്തുടർന്നുവെന്നും കർദിനാൾ അനുസ്മരിച്ചു.
വെല്ലുവിളികളിലും വിശ്വാസത്തെ മുറുകെപ്പിടിച്ചു
മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ നാമധേയം സ്വീകരിച്ചപ്പോൾ തന്നെ അദ്ദേഹത്തിന്റെ അജപാലനശൈലിയെക്കുറിച്ചു സൂചന ലഭിച്ചിരുന്നു. എല്ലാവരെയും, പ്രത്യേകിച്ചു മാറ്റിനിർത്തപ്പെട്ടവരെ തുറന്ന ഹൃദയത്തോടെ സ്വീകരിച്ച അദ്ദേഹം ജനങ്ങൾക്കിടയിലെ മാർപാപ്പയായിരുന്നു.
ഇന്നത്തെ കാലത്തിന്റെ പ്രശ്നങ്ങൾക്ക് സുവിശേഷത്തിന്റെ ജ്ഞാനത്തിൽനിന്നു പരിഹാരങ്ങൾ നിർദേശിച്ച അദ്ദേഹം വെല്ലുവിളികൾക്കിടയിൽ വിശ്വാസത്തെ മുറുകെപ്പിടിച്ചു ജീവിക്കാൻ ക്രൈസ്തവരെ പ്രോത്സാഹിപ്പിച്ചു.
കടുത്ത കുടിയേറ്റവിരുദ്ധനായ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ മുന്നിലിരുത്തിക്കൊണ്ട്, ട്രംപിനെതിരായ മാർപാപ്പയുടെ വിമർശനം ആവർത്തിച്ച കർദിനാൾ, കുടിയേറ്റക്കാരെ തടയാൻ വേലികെട്ടുന്നതിനു പകരം പാലം പണിയുകയാണു വേണ്ടതെന്നു നിർദേശിച്ചു.
അഭയാർഥികളോടും കുടിയേറ്റക്കാരോടുമുള്ള ഫ്രാൻസിസ് മാർപാപ്പയുടെ അനുകന്പ അനന്തമായിരുന്നു. പാവപ്പെട്ടവർക്കുവേണ്ടി പോരാടണമെന്ന അദ്ദേഹത്തിന്റെ നിലപാട് ഉറച്ചതായിരുന്നു. ഇറാക്കിലേക്കടക്കം അദ്ദേഹം നടത്തിയ 46 അപ്പസ്തോലിക പര്യടനങ്ങൾ മതസൗഹാർദം വളർത്താൻകൂടി ലക്ഷ്യമിട്ടുള്ളതായിരുന്നു.
2021 ൽ ഇറാക്കിലേക്ക് എല്ലാ അപകടസാധ്യതകളും മറികടന്ന് അപ്പസ്തോലിക യാത്ര നടത്തിയത് ചരിത്രത്തിൽ രേഖപ്പെടുത്തുമെന്നും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങളിൽ നിന്ന് വളരെയധികം ദുരിതമനുഭവിച്ച ഇറാക്കി ജനതയുടെ മുറിവുകളിൽ മരുന്ന് പകരുന്നതായിരുന്നു പാപ്പായുടെ സന്ദർശനമെന്നും കർദിനാൾ പറഞ്ഞു. ഏഷ്യ-ഓഷ്യാനിയയിലെ നാല് രാജ്യങ്ങളിലേക്കുള്ള 2024ലെ അപ്പസ്തോലിക സന്ദർശനത്തോടെ, ലോകത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്കു കടന്നുചെല്ലാനുള്ള ഫ്രാൻസിസ് പാപ്പായുടെ ആഗ്രഹം പൂർത്തീകരിക്കപ്പെട്ടുവെന്നും കർദിനാൾ പറഞ്ഞു.
സഭയിൽനിന്നും അകന്നുകഴിയുന്നവരെ പോലും ഔപചാരികത ഇല്ലാതെ അഭിസംബോധന ചെയ്യുവാൻ ഫ്രാൻസിസ് പാപ്പാ ശ്രദ്ധിച്ചിരുന്നുവെന്നും ആഗോളവത്കരണ കാലത്തെ ഉത്കണ്ഠകളും കഷ്ടപ്പാടുകളും പ്രതീക്ഷകളും പങ്കിടാനും ദുരിതങ്ങളോട് സംവേദനക്ഷമതയോടെ പ്രതികരിക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് അനേകർക്ക്, ആശ്വാസവും പ്രോത്സാഹനവും പ്രദാനം ചെയ്തിട്ടുണ്ടെന്നും കർദിനാൾ ഓർമപ്പെടുത്തി.
യുദ്ധം മനുഷ്യത്വത്തിന്റെ പരാജയം
സാഹോദര്യം, ദയ തുടങ്ങി ഫ്രാൻസിസ് മാർപാപ്പ ഊന്നിപ്പറയാറുള്ള ഗുണങ്ങളെക്കുറിച്ചും, കാലാവസ്ഥാ വ്യതിയാനത്തിനെതിരായ അദ്ദേഹത്തിന്റെ പോരാട്ടത്തെക്കുറിച്ചും കർദിനാൾ ഓർമിപ്പിച്ചു. യുദ്ധത്തിന്റെയും സംഘർഷത്തിന്റെയും സമയത്ത് സമാധാനത്തിനായി നിരന്തരം ആഹ്വാനം ചെയ്ത മാർപാപ്പ ‘യുദ്ധം മനുഷ്യത്വത്തിന്റെ പരാജയം’ ആണെന്ന് ആവർത്തിച്ചുകൊണ്ടിരുന്നു. ആഗോള സമാധാനത്തിനുവേണ്ടിയുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ശ്രമങ്ങളെക്കുറിച്ച് കർദിനാൾ റേ പറഞ്ഞപ്പോൾ വത്തിക്കാൻ ചത്വരത്തിൽ കരഘോഷങ്ങളുയർന്നു.
ദൈവകരുണയുടെ പ്രവാചകനായിരുന്ന ഫ്രാൻസിസ് പാപ്പാ, നമ്മോട് ക്ഷമിക്കുന്നതിൽ ദൈവം ഒരിക്കലും മടുത്തിട്ടില്ലെന്ന് ആവർത്തിച്ച് ഊന്നിപ്പറഞ്ഞുകൊണ്ട്, നിരവധി തവണ കരുണയുടെ സുവിശേഷം ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇതാണ് കരുണയുടെ അസാധാരണ ജൂബിലിവർഷം പ്രഖ്യാപിക്കുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. സുവിശേഷത്തിന്റെ കാരുണ്യവും സന്തോഷവും ഫ്രാൻസിസ് പാപ്പായുടെ സന്ദേശങ്ങളിൽ എപ്പോഴും ഉൾച്ചേർന്നിരുന്ന രണ്ടു പദങ്ങളാണ്.
ദൈവാലിംഗനത്തിൽ വിശ്രമിക്കുന്ന ഫ്രാൻസിസ് മാർപാപ്പയോട് പ്രാർഥനാ സഹായം തേടിയാണ് കർദിനാൾ പ്രസംഗം അവസാനിപ്പിച്ചത്. ‘നിങ്ങൾ എനിക്കുവേണ്ടി പ്രാർഥിക്കാൻ മറക്കരുത്’ എന്നു പറഞ്ഞുകൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പ തന്റെ പ്രസംഗങ്ങളും സന്ദേശങ്ങളും അവസാനിപ്പിച്ചിരുന്നത്.
“പ്രിയപ്പെട്ട ഫ്രാൻസിസ്, ഞങ്ങളിപ്പോൾ അങ്ങയോട് പ്രാർഥനാസഹായം തേടുന്നു. കഴിഞ്ഞ ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണിയിൽനിന്ന് അനുഗ്രഹിച്ചതുപോലെ സഭയെ അനുഗ്രഹിക്കുക, റോമിനെ അനുഗ്രഹിക്കുക, ലോകത്തെ മുഴുവൻ അനുഗ്രഹിക്കുക.”