ഇറേനിയൻ തുറമുഖത്ത് ഉഗ്രസ്ഫോടനം; നാലു മരണം, 560 പേർക്കു പരിക്ക്
Sunday, April 27, 2025 12:04 AM IST
ടെഹ്റാൻ: ഇറാനിലെ ഷഹീദ് രജായി തുറമുഖത്തുണ്ടായ ഉഗ്രസ്ഫോടനത്തിൽ നാലു പേർ മരിക്കുകയും 560 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ടെഹ്റാനിൽനിന്ന് 1050 കിലോമീറ്റർ അകലെ പേർഷ്യൻ ഗൾഫ് തീരത്തുള്ള ബന്ദാർ അബ്ബാസ് നഗരത്തിൽ സ്ഥിതിചെയ്യുന്ന തുറമുഖത്ത് ഇന്നലെ രാവിലെയാണ് സംഭവം. തുറമുഖത്തുണ്ടായിരുന്ന ഒട്ടേറെ കണ്ടെയ്നറുകൾ പൊട്ടിത്തെറിച്ചുവെന്നാണ് റിപ്പോർട്ട്.
സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ലെന്നാണ് ഇറേനിയൻ അധികൃതർ ആദ്യം അറിയിച്ചത്. തീപിടിത്തത്തിനു പിന്നാലെയാണ് കണ്ടെയ്നറുകൾ പൊട്ടിത്തെറിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി റിപ്പോർട്ടുണ്ട്.
ഇറേനിയൻ ബാലിസ്റ്റിക് മിസൈലുകൾക്കുള്ള ഖര ഇന്ധനമാണ് കണ്ടെയ്നറുകളിൽ ഉണ്ടായിരുന്നതെന്നു പറയുന്നു. കപ്പലിലെത്തിച്ച ഇന്ധനം ശരിയായ രീതിയിൽ കൈകാര്യം ചെയ്യാതിരുന്നതു മൂലമാണത്രേ തീപിടിത്തമുണ്ടായത്.
ഉഗ്രസ്ഫോടനശബ്ദം 50 കിലോമീറ്റർ ചുറ്റളവിൽ കേട്ടു. കിലോമീറ്ററുകൾ അകലെയുള്ള കെട്ടിടങ്ങളിലെ ചില്ലുജനാലകൾ തകർന്നു. കൂൺ ആകൃതിയിൽ പുകയുണ്ടാകുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. തീയണയ്ക്കുന്നതിനുവേണ്ടി തുറമുഖപ്രവർത്തനങ്ങൾ നിർത്തിവച്ചു.
ഇറാനും അമേരിക്കയും ഒമാനിൽ മൂന്നാംവട്ട ആണവചർച്ചകൾ ആരംഭിച്ചതിനിടെയായാണ് സ്ഫോടനം. ഇറാന്റെ ആണവപദ്ധതികൾ പരിമിതപ്പെടുത്താനായി കരാറുണ്ടാക്കാനാണ് ചർച്ച.