സെലൻസ്കിക്ക് ജനത്തിന്റെ സ്നേഹവായ്പ്
Sunday, April 27, 2025 12:04 AM IST
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്കശുശ്രൂഷകളിൽ പങ്കെടുക്കാനായി സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ഇരിപ്പിടത്തിലേക്കു കടന്നുവന്ന യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയെ കരഘോഷത്തോടെയാണു ചത്വരത്തിൽ തിങ്ങിനിറഞ്ഞ ജനങ്ങൾ എതിരേറ്റത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെ ലോകത്തിലെ മുൻനിര നേതാക്കളെല്ലാം സന്നിഹിതരായിരുന്നെങ്കിലും സെലൻസ്കിക്കു മാത്രമാണ് സ്നേഹോഷ്മള വരവേല്പ് ലഭിച്ചത്.
റഷ്യയുടെ അധിനിവേശത്തിനെതിരേ പടപൊരുതുകയും യുദ്ധത്തിന്റെ കെടുതിയിൽ വലയുകയും ചെയ്യുന്ന യുക്രെയ്ൻ ജനതയോടുള്ള ലോകത്തിന്റെ ആദരവും സ്നേഹവും പ്രകടമാക്കുന്നതായിരുന്നു ആ കരഘോഷം. ജനങ്ങൾ സമാധാനം ആഗ്രഹിക്കുന്നുവെന്ന സന്ദേശംകൂടിയായി ഇത്. യുദ്ധത്തിന്റെ കെടുതിയിൽ വലയുന്ന യുക്രെയ്ൻ ജനതയോടും പ്രസിഡന്റ് സെലൻസ്കിയോടും ഫ്രാൻസിസ് മാർപാപ്പ പ്രത്യേക സ്നേഹവായ്പ് കാത്തുസൂക്ഷിച്ചിരുന്നു.
ഒരുവശത്ത് സമാധാനാഹ്വാനം നടത്തുന്പോഴും മറുവശത്ത് യുദ്ധക്കെടുതിയിൽ വലയുന്ന യുക്രെയ്ൻ ജനതയെ നെഞ്ചോടു ചേർത്തുപിടിച്ച മാർപാപ്പ, അവർക്കായി സാന്പത്തികസഹായം നൽകുകയും രണ്ടു വർഷത്തിനിടെ ആറ് ആംബുലൻസുകൾ നൽകുകയും തന്റെ ദൂതനായി 12 തവണ കർദിനാൾ കൊറാഡ് ക്രാജെവ്സ്കിയെ യുക്രെയ്നിലേക്ക് അയക്കുകയും ചെയ്തിരുന്നു.
ക്രിസ്മസ്, ഈസ്റ്റർ വേളകളിൽ യുക്രെയ്നിലെ കുട്ടികൾക്കായി മാർപാപ്പ സമ്മാനങ്ങളും അയച്ചുനൽകിയിരുന്നു.