ലണ്ടനിൽ പാക് നയതന്ത്രജ്ഞന്റെ പ്രകോപനം
Sunday, April 27, 2025 2:11 AM IST
ലണ്ടൻ: പഹൽഗാം ഭീകരാക്രമണത്തിനെതിരേ ലണ്ടനിൽ പ്രതിഷേധിക്കാനെത്തിയ ഇന്ത്യക്കാർക്കുനേരേപാക്കിസ്ഥാൻ നയതന്ത്രജ്ഞന്റെ പ്രകോപനപരമായ ആംഗ്യങ്ങൾ.
ലണ്ടനിലെ പാക് ഹൈക്കമ്മീഷനു മുന്നിൽ നടന്ന പ്രതിഷേധത്തിനിടെ ഇന്ത്യക്കാരും പാക് പൗരന്മാരും ഏറെ നേരം നേർക്കുനേർ നിന്ന് പ്രകോപനപരമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
ഇന്ത്യൻ പ്രതിഷേധക്കാരെ പാക്കിസ്ഥാന് ഡിഫന്‍സ് അറ്റാഷെ തൈമൂര്‍ റാഹത്ത് ആണ് പ്രകോപനപരമായി നേരിട്ടത്. സമരക്കാരെ നോക്കി കഴുത്തറക്കുമെന്ന് ആംഗ്യംകാണിച്ചായിരുന്നു ഭീഷണി. ഇതോടെ ഇരുഭാഗത്തെയും ആളുകൾ പ്രദേശത്ത് തടിച്ചുകൂടുകയായിരുന്നു. ഇതിനിടെ പാക്കിസ്ഥാന് ഹൈക്കമ്മീഷനില്‍ ഉച്ചത്തില്‍ പാട്ടുവയ്ക്കുകയും ചെയ്തു.
2019ലെ മിന്നലാക്രമണത്തിനിടെ പാക്കിസ്ഥാന്റെ പിടിയിലായ ക്യാപ്റ്റൻ അഭിനന്ദൻ വർധമാന്റെ ചിത്രവുമായുള്ള പോസ്റ്ററും അവർ കൈയിൽ പിടിച്ചിരുന്നു. പാക്കിസ്ഥാനിലെ ചായ ഒന്നാന്തരമാണെന്ന അഭിനന്ദന്റെ വാക്കുകൾ പോസ്റ്ററിൽ ചേർത്തിരുന്നു.