യുക്രെയ്ൻ സൈനികരെ തുരത്തി കുർസ്ക് പ്രദേശം തിരികെപ്പിടിച്ചെന്ന് റഷ്യ
Monday, April 28, 2025 4:11 AM IST
മോസ്കോ: യുക്രെയ്ൻ സേന അധിനിവേശം നടത്തിയ കുർസ്ക് പ്രദേശം മുഴുവനായി വീണ്ടെടുത്തുവെന്നു റഷ്യ. ശനിയാഴ്ച പ്രസിഡന്റ് പുടിനുമായി വീഡിയോ ലിങ്കിൽ നടത്തിയ കൂടിക്കാഴ്ചയിൽ റഷ്യൻ സൈനിക മേധാവി വലേറി ഗെരാസിമോവ് ആണ് ഇക്കാര്യം അറിയിച്ചത്.
യുക്രെയ്ൻ സേനയിൽനിന്ന് അവസാന ഗ്രാമവും തിരിച്ചുപിടിച്ചു. ഓപ്പറേഷനിൽ 76,000 യുക്രെയ്ൻ സൈനികർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തു. കുർസ്ക് ഓപ്പറേഷനിൽ ഉത്തരകൊറിയൻ ഭടന്മാർ ധീരതയോടെ പോരാടിയെന്നും ഗെരാസിമോവ് പുടിനോടു പറഞ്ഞു. യുക്രെയ്നെതിരായ യുദ്ധത്തിൽ ഉത്തരകൊറിയൻ പട്ടാളക്കാരുടെ സേവനം റഷ്യ പരസ്യമായി അംഗീകരിക്കുന്നത് ഇതാദ്യമാണ്. അതേസമയം, റഷ്യയുടെ അവകാശവാദം യുക്രെയ്ൻ അംഗീകരിച്ചിട്ടില്ല.