വിറ്റ്കോഫ് മോസ്കോയിൽ; വെടിനിർത്താൻ തയാറെന്ന് റഷ്യ
Saturday, April 26, 2025 12:38 AM IST
മോസ്കോ: യുക്രെയ്ൻ യുദ്ധം അവാനിപ്പിക്കുന്നതിന് അമേരിക്കയുമായി ഉടന്പടിയുണ്ടാക്കാൻ തയാറാണെന്നു റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ്. കാര്യങ്ങൾ ശരിയായ ദിശയിലാണ് നീങ്ങുന്നത്. എന്നാൽ, ചില കാര്യങ്ങളിൽ ഇനിയും വ്യക്തത വരേണ്ടതുണ്ടെന്നും ടെലിവിഷൻ അഭിമുഖത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് വെടിനിർത്തൽ ചർച്ചകൾക്കായി മോസ്കോയിലെത്തിയതിനിടെയാണ് ലാവ്റോവ് ഇക്കാര്യം പറഞ്ഞത്. വിറ്റ്കോഫ് റഷ്യൻ പ്രസിഡന്റ് പുടിനുമായി കൂടിക്കാഴ്ച നടത്തി. ട്രംപിന്റെ പ്രത്യേക പ്രതിനിധിയെന്ന നിലയിൽ ഇതു നാലാം തവണയാണ് വിറ്റ്കോഫ് റഷ്യയിലെത്തി പുടിനെ കാണുന്നത്.
വെടിനിർത്തൽ ചർച്ചകളിൽ പുരോഗതിയില്ലെങ്കിൽ അമേരിക്ക മധ്യസ്ഥശ്രമങ്ങൾ അവസാനിപ്പിക്കുമെന്ന് ട്രംപ് അടുത്തിടെ ഭീഷണി മുഴക്കിയിരുന്നു. വെടിനിർത്തലിനായി റഷ്യക്കും യുക്രെയ്നും മേൽ അദ്ദേഹം സമ്മർദം ചെലുത്തുന്നുണ്ട്.
അതേസമയം, റഷ്യയും യുക്രെയ്നും പരസ്പരം ആക്രമണം ശക്തിപ്പെടുത്തിയിരിക്കുകയാണ്. റഷ്യൻസേന കഴിഞ്ഞദിവസം യുക്രെയ്ൻ തലസ്ഥാനമായ കീവിൽ നടത്തിയ വ്യോമാക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും എഴുപതിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
ആക്രമണം അനാവശ്യമായിരുന്നുവെന്നാണ് ട്രംപ് പ്രതികരിച്ചത്. അതോടൊപ്പം, ക്രിമിയയിലെ റഷ്യൻ അധിനിവേശം അംഗീകരിക്കില്ലെന്നു പറഞ്ഞ യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയാണു സമാധാനത്തിനു തടസം നിൽക്കുന്നതെന്നും ട്രംപ് നേരത്തേ കുറ്റപ്പെടുത്തിയിരുന്നു.