ബന്ദികളെ മോചിപ്പിക്കാൻ സന്നദ്ധത അറിയിച്ച് ഹമാസ്
Sunday, April 27, 2025 2:11 AM IST
ജറൂസലെം: ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിലെത്താൻ ഹമാസ് സന്നദ്ധത അറിയിച്ചതായി റിപ്പോർട്ട്.
തങ്ങളുടെ കസ്റ്റഡിയിലുള്ള അവശേഷിക്കുന്ന ബന്ദികളെ ഒരുമിച്ചു മോചിപ്പിക്കാമെന്നും പകരം അഞ്ചു വർഷത്തെ വെടിനിർത്തൽ വേണമെന്നുമാണ് ഹമാസ് മുന്നോട്ടുവയ്ക്കുന്ന ഉപാധി.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനായി ഈജിപ്തിന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചയിൽ പങ്കെടുക്കാനായി കയ്റോയിലേക്കു പോകാനിരിക്കെയാണ് ഹമാസ് നേതൃത്വം ഇക്കാര്യം അറിയിച്ചത്.
ബന്ദികളെ മോചിപ്പിച്ച് ഗാസയിലെ സംഘർഷം അവസാനിപ്പിക്കാൻ മേഖലയിലെ ജനങ്ങളിൽനിന്ന് ഹമാസിനുമേൽ അനുദിനം സമ്മർദമേറിവരുന്നതിനിടെയാണ് പുതിയ നീക്കം. ഹമാസിനെതിരേ കഴിഞ്ഞദിവസവും നൂറുകണക്കിന് ജനങ്ങൾ ഗാസയിൽ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു.