മോസ്കോയിൽ കാർബോംബ്; റഷ്യൻ ജനറൽ കൊല്ലപ്പെട്ടു
Saturday, April 26, 2025 12:38 AM IST
മോസ്കോ: റഷ്യയിലെ ഉന്നത സൈനികോദ്യോഗസ്ഥൻ കാർബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു.
റഷ്യൻ സായുധസേനാ ജനറൽ സ്റ്റാഫിലെ മെയിൻ ഓപ്പറേഷൻ ഡയറക്ടറേറ്റിന്റെ ഡെപ്യൂട്ടി മേധാവി ലഫ്. ജനറൽ യാറോസ്ലാവ് മോഷ്കാലിക് ആണ് മരിച്ചത്. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റിട്ടില്ലെങ്കിലും യുക്രെയ്നാണു പിന്നിലെന്നു കരുതുന്നു.
മോസ്കോ പ്രാന്തത്തിലെ ബലാഷിഖ മേഖലയിൽവച്ച് ജനറലിന്റെ കാർ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടകവസ്തു നേരത്തേ കാറിൽ സ്ഥാപിച്ചിരുന്നുവെന്നു റഷ്യൻ വൃത്തങ്ങൾ അറിയിച്ചു.
യുക്രെയ്ൻ യുദ്ധം ആരംഭിച്ചശേഷം റഷ്യയിലെ ഒട്ടേറെ സൈനിക മേധാവികളും പ്രമുഖരും ഇത്തരം സംഭവങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. റഷ്യൻ രാസായുധ വിഭാഗം മേധാവി ലഫ്. ജനറൽ ഇഗോർ കിരിളോവ് കഴിഞ്ഞ വർഷം ഡിസംബറിലുണ്ടായ സ് ഫോടനത്തിൽ മരിച്ചു.