ജീവനക്കാർക്കായി കോടികൾ മാറ്റിവച്ച് രത്തൻ ടാറ്റയുടെ വിൽപത്രം
Thursday, April 3, 2025 2:06 AM IST
മുംബൈ: ടാറ്റ ഗ്രൂപ്പ് ചെയർമാനായിരുന്ന അന്തരിച്ച രത്തൻ ടാറ്റ അദ്ദേഹത്തിന്റെ വസതിയിലെയും ഓഫീസിലെയും ജീവനക്കാർക്കായി തന്റെ വിൽപത്രത്തിൽ നീക്കിവച്ചിരിക്കുന്നത് മൂന്നു കോടിയോളം രൂപ.
ഏഴു വർഷമോ അതിനു മുകളിലോ സഹായികളായി ഒപ്പം നിന്നവർക്ക് അവരുടെ സേവനത്തിന് അനുസൃതമായ രീതിയിൽ 15 ലക്ഷം രൂപ നൽകണമെന്നാണ് വിൽപത്രത്തിൽ നിർദേശിക്കുന്നത്. പാർട്ട് ടൈം സഹായികൾക്കും കാർ കഴുകിയവർക്കുമായി ഒരു ലക്ഷം രൂപ മാറ്റിവച്ചിട്ടുണ്ട്.
വളരെക്കാലം ഒപ്പമുണ്ടായിരുന്ന പാചകക്കാരൻ രാജൻ ഷായ്ക്ക് ഒരു കോടി രൂപയ്ക്കു മുകളിൽ നൽകും. ഷായ്ക്ക് വേണ്ടി 51 ലക്ഷത്തിന്റെ വായ്പ എഴുതിത്തള്ളലും നടപ്പാക്കും. കലവറക്കാരൻ സുബ്ബയ്യ കൊനാറിന് വായ്പ എഴുതിത്തള്ളാൻ 36 ലക്ഷമുൾപ്പെടെ 66 ലക്ഷം ലഭിക്കും.
സെക്രട്ടറി ഡെൽനസ് ഗിൽഡറിന് 19 ലക്ഷം രൂപയാണ് ലഭിക്കുക. വിലയേറിയ ബ്രാൻഡുകളായ ബ്രൂക്സ് ബ്രദേഴ്സ് ഷർട്ടുകൾ, ഹെർമിസ് ടൈകൾ, പോളോ, ഡാക്സ്, ബ്രിയോണി സ്യൂട്ടുകൾ എന്നിവയാണ് രത്തൻ ടാറ്റ ഉപയോഗിച്ചിരുന്നത്. ഇവ പാവപ്പെട്ടവർക്ക് ദാനം ചെയ്യാനായി എൻജിഒകൾക്ക് കൈമാറണമെന്നും വിൽപത്രത്തിൽ പറയുന്നു.