കടൽത്തീര ഖനനം മത്സ്യത്തൊഴിലാളികളെ ബാധിക്കില്ല: കേന്ദ്രമന്ത്രി
Wednesday, April 2, 2025 2:19 AM IST
സനു സിറിയക്
ന്യൂഡൽഹി: കടൽത്തീര ഖനനം കേരളത്തിലെ മൽസ്യത്തൊഴിലാളി സമൂഹത്തെ ബാധിക്കുന്നുണ്ടെന്ന പ്രതിപക്ഷ ആരോപണം തള്ളി കേന്ദ്ര സർക്കാർ. ഖനനപ്രവർത്തനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും അതിനാൽ മത്സ്യത്തൊഴിലാളികളെ എങ്ങനെയാണ് വിഷയം ബാധിക്കുന്നതെന്നും ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി രാജീവ് രഞ്ജൻ സിംഗ് ലോക്സഭയിൽ ചോദിച്ചു.
തീരദേശ ഖനനവുമായി ബന്ധപ്പെട്ട് കോണ്ഗ്രസ് എംപി കെ.സി. വേണുഗോപാൽ അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിനു മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഖനനം നടത്തുന്ന 13 ഓഫ്ഷോർ ബ്ലോക്കുകളിൽ മൂന്നെണ്ണം മാത്രമേ കേരളത്തിലുള്ളൂ. അതും 12 നോട്ടിക്കൽ മൈലിന് അപ്പുറമുള്ള പ്രത്യേക സാന്പത്തിക മേഖലയിലാണ് വരുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
രാജ്യത്തിന്റെ സന്പദ്വ്യവസ്ഥയിൽ പ്രധാന പങ്ക് വഹിക്കുന്ന മത്സ്യത്തൊഴിലാളികളെ അവഗണിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് കെ.സി. വേണുഗോപാൽ ആരോപിച്ചു. സാമൂഹ്യപരമായി ഏറ്റവും പിന്നാക്കം നിൽക്കുന്ന മത്സ്യത്തൊഴിലാളികളുടെ സമഗ്ര വിവരങ്ങൾ കൃത്യമായി ശേഖരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയുടെ വിശാലമായ കടൽത്തീരത്തിന്റെ ഓരോ 500 കിലോമീറ്ററിലും തുറമുഖം സ്ഥാപിച്ചിരിക്കുന്നത് ഒരൊറ്റ കന്പനിയാണെന്നത് അപായസൂചനയാണെന്നും കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി.
എന്നാൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികളായ പ്രധാനമന്ത്രി മത്സ്യ സന്പത്ത് യോജന, ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഫണ്ട് (എഫ്ഐഡിഎഫ്) തുടങ്ങിയ നടപടികൾ രാജ്യത്തെ മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനായി വിനിയോഗിക്കുന്നുണ്ടെന്ന് കേന്ദ്ര മന്ത്രി അവകാശപ്പെട്ടു.
കേന്ദ്ര സർക്കാരിന്റെ എഫ്ഐഡിഎഫ് പദ്ധതി പ്രകാരം കേരളത്തിലെ തീരദേശങ്ങളുടെ അടിസ്ഥാന വികസനം നടക്കുന്നുണ്ട്. പുതിയ ബോട്ടുകൾക്കും മത്സ്യബന്ധനവലകൾക്കും ഫണ്ട് നൽകിയിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
തമിഴ്നാട്ടിൽ നിന്നുള്ള മൽസ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്ത വിഷയം ഡിഎംകെയുടെ ടി.ആർ. ബാലു ലോക്സഭയിൽ ഉന്നയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും ഈ വിഷയം ശ്രീലങ്കയുമായി ചർച്ച ചെയ്തിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.
എന്നാൽ പ്രതിപക്ഷം ഉന്നയിച്ച കാതലായ വിഷയങ്ങളിൽ കേന്ദ്ര മന്ത്രി മറുപടി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാർ സഭയിൽനിന്നും ഇറങ്ങിപ്പോയി. എംപിമാരായ എൻ.കെ. പ്രേമചന്ദ്രൻ, ശശി തരൂർ, ഹൈബി ഈഡൻ, രാമശങ്കർ രാജ്ഭർ, കനിമൊഴി, അരവിന്ദ് സാവന്ത് തുടങ്ങിയവരാണ് മത്സ്യത്തൊഴിലാളികളുടെ ദുരിതം ഉയർത്തിയ മറ്റ് അംഗങ്ങൾ.