കൂടുതൽ പിബി അംഗങ്ങൾ പുറത്തേക്ക്
Wednesday, April 2, 2025 2:19 AM IST
മധുര: ഇത്തവണ സിപിഎം പാർട്ടി കോൺഗ്രസ് നടക്കുന്പോൾ 17 അംഗ പോളിറ്റ് ബ്യൂറോയിലെ ഏഴംഗങ്ങള്‍ പ്രായപരിധി മാനദണ്ഡപ്രകാരം പുറത്തു പോകേണ്ടതാണ്. ഇവരില്‍ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് പ്രായപരിധിയില്‍ ഇളവ് കിട്ടാന്‍ സാധ്യത.
സീതാറാം യെച്ചൂരിയുടെ മരണത്തോടെ കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ പിബിയില്‍ ഒരു അംഗത്തിന്റെ ഒഴിവുണ്ട്.
മുതിര്‍ന്ന നേതാക്കളായ പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, മണിക് സര്‍ക്കാര്‍, സൂര്യകാന്ത് മിശ്ര, സുഭാഷിണി അലി, ജി. രാമകൃഷ്ണന് എന്നിവരാണ് പ്രായപരിധിയിൽ സ്ഥാനമൊഴിയുന്നത്.
പ്രായപരിധി കഴിഞ്ഞതിനാൽ മുഖ്യമന്ത്രി പിണറായി വിജയന് ഇനി പിബിയിൽ തുടരാൻ പാർട്ടി കോൺഗ്രസ് തീരുമാനിക്കണം.
കഴിഞ്ഞ പാർട്ടി കോൺഗ്രസിലും ഇളവുനേടിയാണ് അദ്ദേഹം തുടർന്നത്. അത് രാജ്യത്ത് സിപിഎം ഭരിക്കുന്ന ഏകസംസ്ഥാനത്തെ മുഖ്യമന്ത്രി എന്നതു പരിഗണിച്ചായിരുന്നു. ഇത്തവണയാവട്ടെ, പ്രായപരിധിയനുസരിച്ച് പിബിയിൽ ഏഴു പേർ ഒഴിയണം. അതിൽ പിണറായിക്കുമാത്രം ഇളവനുവദിച്ച് നിലനിർത്തുന്നത് ഒരുപക്ഷേ, തർക്കവിഷയമാകും.
വൃന്ദ കാരാട്ടിന് ഇളവ് നല്കി പോളിറ്റ് ബ്യൂറോയില്‍ നിലനിര്‍ത്തണമെന്നും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നും പാര്‍ട്ടിയിലെ മുതിര്‍ന്ന വനിതാ നേതാക്കള്‍ ഉള്‍പ്പെടെ പലരും ആവശ്യപ്പെടുന്നുണ്ട്. കേരള ഘടകത്തിലെ ഒരു വിഭാഗത്തിനും ഇതേ അഭിപ്രായമുണ്ട്.
എന്നാല്‍, ജനറല്‍ സെക്രട്ടറിയാകാന്‍ വേണ്ടി മാത്രം ഒരു നേതാവിന് ഇളവ് കൊടുക്കുന്ന പതിവ് പാര്‍ട്ടിയിലില്ലെന്ന് മറ്റു ചിലര്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര കമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും വനിതകൾക്കും യുവാക്കൾക്കും കൂടുതൽ പ്രാതിനിധ്യം ഇക്കുറി ഉണ്ടാകാനാണ് സാധ്യത.
നേതാക്കൾ പണമുള്ളവർക്കൊപ്പം: പ്രവർത്തന റിപ്പോർട്ട്
മധുര: പാർലമെന്ററി വ്യാമോഹം ചെറുക്കാനാകാതെ പാർട്ടി നിൽക്കുന്നുവെന്ന് സിപിഎമ്മിന്റെ പ്രവർത്തന റിപ്പോർട്ട്. പാർലമെന്ററി താത്പര്യം വർഗസമരത്തെയും ബാധിക്കുന്നുവെന്നും പാര്‍ട്ടി കോണ്‍ഗ്രസിന്റെ അവലോകന റിപ്പോർട്ടിൽ പറയുന്നു. തമിഴ്നാട്ടിലെ മധുരയിൽ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ അവലോകന റിപ്പോര്‍ട്ടിലാണ് നേതാക്കളെ വിമര്‍ശിക്കുന്നത്.
പണമുള്ളവരുടെ കൂടെ പാർട്ടി നേതാക്കൾ നിൽക്കുന്ന പ്രവണത കൂടുകയാണ്. ബൂർഷ്വാ പാർട്ടികളെ കൂട്ടുപിടിച്ച് സ്ഥാനമാനങ്ങൾ നേടാനുള്ള വഴി തേടുകയാണ്. ഉപരിവർഗത്തിനെതിരായ സമരം ഇതുകാരണം ഉപേക്ഷിക്കുകയാണെന്നും അവലോകന റിപ്പോര്‍ട്ടിൽ പറയുന്നു.
ഗ്രാമങ്ങളിലെ പാവപ്പെട്ടവരെ സംഘടിപ്പിക്കാനും അവർക്കായി സമരം ചെയ്യാനും പാർട്ടിക്ക് കഴിയുന്നില്ല. പിന്തിരിപ്പൻ ചിന്താഗതി വർധിക്കുകയാണെന്നും ധനികരുമായും അധികാര വർഗവുമായും ഏറ്റുമുട്ടാൻ പാർട്ടി തയാറാകുന്നില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
പാർലമെന്ററി വ്യാമോഹം കാരണം മേൽകമ്മിറ്റികളും ഉപരിവർഗവുമായി ഒത്തുതീർപ്പുണ്ടാക്കുകയാണെന്നും തൊഴിലാളി വർഗത്തിനിടയിൽ പാർട്ടിയുടെ സ്വാധീനമിടിഞ്ഞുവെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.