തെരഞ്ഞെടുപ്പിലെ ആശങ്കകൾ പരിഹരിക്കാൻ 4719 യോഗങ്ങൾ
Wednesday, April 2, 2025 2:19 AM IST
ന്യൂഡൽഹി: രാഷ്ട്രീയപാർട്ടികളുടെ തെരഞ്ഞെടുപ്പ് ആശങ്കകൾ പരിഹരിക്കുന്നതിനായി രാജ്യത്തുടനീളം അയ്യായിരത്തിനടുത്ത് യോഗങ്ങൾ കൂടിയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ.
മാർച്ച് 31 വരെയുള്ള 25 ദിവസത്തിനിടെ ചീഫ് ഇലക്ടറൽ ഓഫീസർമാരുടെയും (സിഇഒ) ജില്ലാ ഇലക്ഷൻ ഓഫീസർമാരുടെയും (ഡിആർഒ) ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെയും (ഇആർഒ) തലത്തിലുള്ള 4719 യോഗങ്ങൾ നടന്നെന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
രാജ്യവ്യാപകമായി സിഇഒ തലത്തിൽ 40 യോഗങ്ങൾ നടന്നപ്പോൾ ഡിആർഒ തലത്തിൽ 800 യോഗങ്ങളും ഇആർഒ തലത്തിൽ 3879 യോഗങ്ങളും നടന്നു. രാജ്യത്തുടനീളമുള്ള രാഷ്ട്രീയ കക്ഷികളുടെ 28,000 പ്രതിനിധികളാണ് യോഗങ്ങളിൽ പങ്കെടുത്തത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നിർദേശത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗങ്ങൾ ചേർന്നത്. 1950ലെയും 1951ലെയും ജനപ്രാതിനിധ്യ നിയമം, 1960ലെ വോട്ടർമാരുടെ രജിസ്ട്രേഷൻ നിയമം, 1961ലെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം, തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗരേഖകൾ എന്നിവയുടെ നിയമ ചട്ടക്കൂട് പ്രകാരമാണ് കമ്മീഷൻ ആശങ്കകൾ പരിഹരിക്കുന്നതിനായുള്ള യോഗങ്ങൾ വിളിച്ചു ചേർത്തത്.
സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും സിഇഒമാരോട് ആശങ്കകളിൽ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ടുകൾ സമർപ്പിക്കാനും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.