ആജ്ഞ മാത്രമുള്ള വിദ്യാഭ്യാസരീതിയെന്ന് രാഹുൽ ഗാന്ധി
Wednesday, April 2, 2025 2:19 AM IST
ന്യൂഡൽഹി: നമ്മുടെ വിദ്യാഭ്യാസരീതിയിൽ ചോദ്യങ്ങൾ ചോദിക്കാൻ അനുവാദമില്ലെന്നും എന്ത് ചെയ്യണമെന്നുള്ള ആജ്ഞ മാത്രമേയുള്ളൂവെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
കേരളത്തിലെ കുട്ടികളുടെ ലഹരി ഉപയോഗത്തെക്കുറിച്ചു സമൂഹമാധ്യമ ഇൻഫ്ലുവൻസർ ജോസഫ് അന്നംകുട്ടി ജോസ്, ഡോക്ടർമാരായ ആദിത്യ രവീന്ദ്രൻ, ഫാത്തിമ അസ്ല എന്നിവരുമായി ഡൽഹിയിൽ നടത്തിയ ചർച്ചയിലാണ് രാഹുലിന്റെ പ്രതികരണം. ലഹരിവ്യാപനം തടയുന്നതിനായി വിദ്യാർഥികൾക്ക് അവസരങ്ങളുടെ വാതിലുകൾ തുറന്നിടണമെന്നു രാഹുൽ പറഞ്ഞു.
"യുവാക്കളുടെ മനസിൽ പ്രതീക്ഷ നിറച്ചില്ലെങ്കിൽ അവർ സിരകളിൽ ലഹരി നിറയ്ക്കുമെന്ന്’ ചർച്ചയിൽ ഡോ. ആദിത്യ രവീന്ദ്രൻ നടത്തിയ പരാമർശം തന്നെ ആഴത്തിൽ സ്വാധീനിച്ചുവെന്നു പരാമർശം എക്സിൽ പങ്കുവച്ചുകൊണ്ട് രാഹുൽ കുറിച്ചു.
കേരളത്തിലും രാജ്യത്തുടനീളവുമുള്ള യുവാക്കളുടെ വേദന പ്രതിധ്വനിപ്പിക്കുന്നതാണ് ഈ വരിയെന്നും രാഹുൽ പറഞ്ഞു. ഇരുണ്ട ഭാവി അഭിമുഖീകരിക്കേണ്ടിവരുന്ന യുവത്വം സമ്മർദം താങ്ങാൻകഴിയാതെ പ്രശ്നങ്ങളെ ചെറുക്കാൻ ലഹരിയിൽ അഭയം പ്രാപിക്കുന്നു.
വിദ്യാർഥികൾക്ക് ഭാവിയുടെ പ്രതീക്ഷയറ്റതിനാലാണ് ലഹരി ഉപയോഗിക്കേണ്ടിവരുന്നതെന്നും അവർക്കായി പ്രതീക്ഷയും പിന്തുണയും ലക്ഷ്യവും നൽകാൻ കഴിയണമെന്നും രാഹുൽ പറഞ്ഞു.