നഡ്ഡയുമായുള്ള കൂടിക്കാഴ്ച ഫലപ്രദമെന്ന് വീണാ ജോർജ്
Wednesday, April 2, 2025 2:19 AM IST
ന്യൂഡൽഹി: ആശ വർക്കർമാരുടെ ഇൻസെന്റീവ് വർധിപ്പിക്കുന്ന കാര്യം കേന്ദ്രം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നു കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ അറിയിച്ചതായി മന്ത്രി വീണാ ജോർജ്. കേന്ദ്രമന്ത്രിയുമായി നടത്തിയ ചർച്ചകൾ ഏറെ പോസിറ്റിവായിരുന്നെന്ന് വീണാ ജോർജ് പറഞ്ഞു.
നിലവിൽ വോളണ്ടിയർമാരായ ആശാ വർക്കർമാരെ തൊഴിൽനിയമത്തിന്റെ പരിധിയിൽ വരുത്തണമെന്ന ആവശ്യവും ചർച്ച ചെയ്തു. കേരളത്തിനു നൽകാനുള്ള കോ-ബ്രാൻഡിംഗ് കുടിശികയുടെ കാര്യം പരിശോധിക്കാൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി ഉൾപ്പെട്ടവർക്ക് അദ്ദേഹം നിർദേശം നൽകിയെന്നും വീണാ ജോർജ് വ്യക്തമാക്കി.
എന്നാൽ, കൂടിക്കാഴ്ചയിൽ പുതിയ പ്രഖ്യാപനങ്ങൾ ഒന്നുമില്ലെന്നാണ് ആശാ സമരസമിതിയുടെ പ്രതികരണം. ഇൻസെന്റീവ് വർധിപ്പിക്കുമെന്ന് കേന്ദ്രം മുന്പുതന്നെ വ്യക്തമാക്കിയതാണെന്നും എന്നാൽ എത്ര രൂപ വർധിപ്പിക്കുമെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ വീണാ ജോർജിന് സാധിച്ചില്ലെന്നും സമരസമിതി കുറ്റപ്പെടുത്തി.