സിപിഎം പാർട്ടി കോൺഗ്രസിന് ഇന്നു തുടക്കം
Wednesday, April 2, 2025 2:19 AM IST
മധുര: സിപിഎം 24-ാം പാർട്ടി കോൺഗ്രസിന് ഇന്ന് മധുരയിലെ തമുക്കം മൈതാനത്ത് തുടക്കമാകും. ആറുവരെയാണ് പാർട്ടി കോൺഗ്രസ്.
ബിജെപി മുഖ്യ എതിരാളിയാണെന്നും കോണ്‍ഗ്രസുമായി രാഷ്ട്രീയസഖ്യം പാടില്ലെന്നും സിപിഎമ്മിൽ ചർച്ച നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പാർട്ടി കോൺഗ്രസ് നടക്കുന്നത്.
അതുകൊണ്ടുതന്നെ ആശയസമരത്തേക്കാള് കൂടുതല്‍ പാര്‍ട്ടി ഘടനയിലുള്ള ചര്‍ച്ചകള്‍ക്ക് പാർട്ടി കോൺഗ്രസിൽ പ്രാധാന്യമുണ്ടാകും ഇത്തവണ. അതേസമയം ഇന്ത്യാ സഖ്യം വിശാല സഖ്യമാകണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
50 വർഷങ്ങൾക്കു ശേഷമാണ് മധുരയിൽ വീണ്ടും പാർട്ടി കോൺഗ്രസ് നടക്കുന്നത്. 1972 ജൂൺ 27മുതൽ ജൂലൈ രണ്ടുവരെ ഒൻപതാം പാർട്ടി കോൺഗ്രസ് നടന്ന അതേ മൈതാനത്ത് തന്നെയാണ് 24-ാം പാർട്ടി കോൺഗ്രസ് നടക്കുന്നത്.
819 പ്രതിനിധികൾ പങ്കെടുക്കുന്ന പാർട്ടി കോൺഗ്രസിൽ കഴിഞ്ഞ മൂന്നുവർഷത്തെ റിപ്പോർട്ട് അവതരിപ്പിക്കുകയും വരുന്ന മൂന്നുവർഷത്തേക്കുള്ള രാഷ്ട്രീയ നിലപാടുകൾക്ക് രൂപംനല്കുകയും ചെയ്യും.
ബിമൽ ബസു പതാക ഉയർത്തുന്നതോടെയാണ് സമ്മേളനത്തിന് തുടക്കംകുറിക്കുക. പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് "ഫെഡറലിസമാണ് ഇന്ത്യയുടെ ശക്തി’ എന്ന സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ഒന്നിച്ച് വേദിയിലെത്തും.
ഇഎംഎസിനുശേഷം ജനറൽ സെക്രട്ടറിസ്ഥാനത്തേക്ക് എം.എ. ബേബിയോ?
ഇ.എം.എസിനു ശേഷം കേരളത്തിൽനിന്ന് സിപിഎമ്മിന് ജനറൽ സെക്രട്ടറിയുണ്ടാകുമോയെന്നാണ് മധുരയിലെ പാർട്ടി കോൺഗ്രസിൽ കേരളം ഉറ്റുനോക്കുന്നത്. കേരളത്തില്‍നിന്നുള്ള മുതിര്‍ന്ന അംഗവും മുന്‍ വിദ്യാഭ്യാസമന്ത്രിയുമായ എം.എ. ബേബിയുടെ പേര് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
തെരഞ്ഞെടുക്കപ്പെട്ടാല്‍ ആ സ്ഥാനത്ത് എത്തുന്ന കേരള ഘടകത്തില്‍നിന്നുള്ള രണ്ടാമത്തെ നേതാവായിരിക്കും എം.എ. ബേബി. 1962-64 കാലത്തും പിന്നീട് 1978 മുതല്‍ 1992 വരെയും ജനറല്‍ സെക്രട്ടറിയായിരുന്നു ഇ.എം.എസ്. മലയാളിയായ പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് 2005 മുതല്‍ 2015 വരെ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം കേരളഘടകത്തിന്റെ പ്രതിനിധിയായല്ല ആ പദവിയില്‍ എത്തിയിരുന്നത്.
സീതാറാം യെച്ചൂരിയുടെ മരണശേഷം പാര്‍ട്ടിയിൽ സ്ഥിരം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ആരും വന്നിരുന്നില്ല. അന്നുതന്നെ എം.എ. ബേബിയുടെ പേര് പോളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും ഉയര്‍ന്നു വന്നതാണ്.
എന്നാല്‍, പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കട്ടെ എന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചത്. ആന്ധ്ര മുന്‍ സംസ്ഥാന സെക്രട്ടറി കൂടിയായ രാഘവുലു, മഹാരാഷ്ട്രയിലുള്ള കര്‍ഷക നേതാവ് കൂടിയായ അശോക് ധാവ്ള എന്നിവരുടെ പേരും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നുവരുന്നുണ്ട്.
മുഖ്യമന്ത്രിയും മന്ത്രിമാരും മധുരയിലേക്ക്; മന്ത്രിസഭായോഗം ഒഴിവാക്കി
തിരുവനന്തപുരം: സിപിഎം പാർട്ടി കോണ്‍ഗ്രസിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും ഭൂരിഭാഗം സിപിഎം മന്ത്രിമാരും മധുരയിലേക്കു പോയ സാഹചര്യത്തിൽ ഈ ആഴ്ചത്തെ മന്ത്രിസഭായോഗം ഒഴിവാക്കി.
ഈ ആഴ്ചത്തെ പതിവു മന്ത്രിസഭായോഗം ഇന്നാണു നടക്കേണ്ടിയിരുന്നത്. മുഖ്യമന്ത്രി ഇന്നലെ രാവിലെ 10നുള്ള ഫ്ളൈറ്റിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നു മധുരയ്ക്കു പുറപ്പെട്ടു. ഇനി ഏപ്രിൽ ഒൻപതിനു മാത്രമേ സംസ്ഥാന മന്ത്രിസഭായോഗം ചേരുകയുള്ളു.