ജബൽപുരിൽ ക്രൈസ്തവർക്കു നേരേ അക്രമം
Wednesday, April 2, 2025 2:19 AM IST
ന്യൂഡൽഹി: മധ്യപ്രദേശിലെ ജബൽപുരിൽ ക്രൈസ്തവർക്കു നേരേ നടന്ന അക്രമത്തിനെതിരേ പ്രതിഷേധം. അക്രമികൾക്കെതിരേ 24 മണിക്കൂറിനുള്ളിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ പോലീസിൽ പരാതിപ്പെട്ടു.
ജബൽപുർ രൂപതയ്ക്ക് കീഴിലുള്ള മാണ്ഡല ഇടവകയിലെ ഒരുകൂട്ടം കത്തോലിക്ക വിശ്വാസികൾ ജൂബിലിയുടെ ഭാഗമായി ജബൽപുരിലെതന്നെ വിവിധ കത്തോലിക്ക പള്ളികളിലേക്ക് തീർഥാടനം നടത്തുന്നതിനിടയിലായിരുന്നു അക്രമം.
ഹിന്ദുത്വസംഘടനയായ ബജ്റംഗ്ദളിന്റെ നേതൃത്വത്തിൽ ഒരുകൂട്ടം ആളുകൾ വിശ്വാസികളെ തടയുകയും അവരെ ഒംതി പോലീസ് സ്റ്റേഷനിലേക്കു മാറ്റുകയുമായിരുന്നു. ഇതോടെ വിശ്വാസികളുടെ യാത്ര തടസപ്പെട്ടു. കുറച്ച് സമയത്തിനുശേഷം വിശ്വാസികളെ പോലീസ് വിട്ടയച്ചെങ്കിലും വീണ്ടും മറ്റൊരിടത്ത് തടയുകയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.
തുടർന്ന് ജബൽപുർ വികാരി ജനറൽ ഫാ. ഡേവിസും രൂപതാ പ്രൊക്യുറേറ്റർ ഫാ. ജോർജും വിശ്വാസികൾക്ക് സഹായവുമായി എത്തി. എന്നാൽ ഒരുകൂട്ടം ബജ്റംഗ്ദൾ പ്രവർത്തകർ പുരോഹിതരെയും മർദിച്ചു. തുടർന്ന് സംഘർഷം ഒഴിവാക്കാൻ പുരോഹിതർ വിശ്വാസികളോട് ആവശ്യപ്പെട്ടു. തുടർന്ന് പോലീസ് ഇടപെട്ട് പുരോഹിതരെയും തീർഥാടകരെയും മോചിപ്പിച്ചു. സംഭവത്തിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
അക്രമികൾക്കു നേരേ നടപടി ആവശ്യപ്പെട്ട് നിരവധി വിശ്വാസികൾ ജബൽപുർ പോലീസ് ആസ്ഥാനത്ത് ഒത്തുചേർന്നു. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് നിയമനടപടികളുമായി മുന്നോട്ട് പോകില്ല എന്നാണ് രൂപത അധികൃതർ അറിയിച്ചത്.
സിബിസിഐ അപലപിച്ചു
ന്യൂഡൽഹി: ജബൽപുരിലെ അക്രമത്തെ സിബിസിഐ അപലപിച്ചു. സ്വാതന്ത്ര്യസമരത്തിലും രാഷ്ട്രനിർമാണത്തിലും നിർണായകപങ്കു വഹിച്ച ക്രൈസ്തവസമൂഹം നിരന്തരമായി അക്രമം നേരിടുകയാണെന്ന് സിബിസിഐ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരണ് റിജിജു, സഹമന്ത്രി ജോർജ് കുര്യൻ തുടങ്ങിയവർ അടിയന്തരമായി ഇടപെടണമെന്നും ക്രൈസ്തവ സമൂഹത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കണമെന്നും മധ്യപ്രദേശ് സർക്കാർ ഇത്തരം രാജ്യവിരുദ്ധ ശക്തികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.