"എന്പുരാൻ’ ചർച്ച അനുവദിച്ചില്ല രാജ്യസഭയിൽ ഇടതു വാക്കൗട്ട്
Wednesday, April 2, 2025 2:19 AM IST
ന്യൂഡൽഹി: എന്പുരാൻ സിനിമ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച അടിയന്തരപ്രമേയം തള്ളിയതിനെത്തുടർന്ന് രാജ്യസഭയിൽനിന്ന് ഇടത് എംപിമാർ ഇറങ്ങിപ്പോയി.
എന്പുരാൻ സിനിമ ചൂണ്ടിക്കാട്ടി രാജ്യത്ത് ആവിഷ്കാരസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും ലംഘിക്കപ്പെടുന്നുവെന്നും ഇക്കാര്യം മറ്റു സഭാനടപടികൾ നിർത്തിവച്ചു ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് എംപിമാരായ എ.എ. റഹിം, ജോണ് ബ്രിട്ടാസ്, പി. സന്തോഷ് കുമാർ എന്നിവരാണ് രാജ്യസഭയിൽ നോട്ടീസ് നൽകിയത്.
സഭാധ്യക്ഷൻ ജഗദീപ് ധൻകർ ആവശ്യം തള്ളിയതിനു പിന്നാലെ എംപിമാർ സഭയിൽനിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
ലോക്സഭയിൽ വിഷയം ചൂണ്ടിക്കാട്ടി കോണ്ഗ്രസ് എംപിമാരായ ഹൈബി ഈഡനും ഡീൻ കുര്യാക്കോസും ബെന്നി ബഹനാനും ആന്റോ ആന്റണിയും അടിയന്തരപ്രമേയം നൽകിയെങ്കിലും ഇവയും ചർച്ച ചെയ്യാൻ സ്പീക്കർ അനുവദിച്ചില്ല. അതിനിടെ, എന്പുരാൻ വിവാദം കച്ചവടതന്ത്രമാണെന്നാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി മാധ്യമങ്ങളോടു പ്രതികരിച്ചത്.
കച്ചവടത്തിനുവേണ്ടിയുള്ള നാടകമാണ് നടക്കുന്നതെന്നും എഡിറ്റ് ചെയ്യാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും മുറിക്കാമെന്ന് അവർതന്നെയാണ് തീരുമാനിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു.