ശബരിമല വിമാനത്താവളം കൊടുമണ്ണിൽ വേണമെന്ന് ഡൽഹി മലയാളി അസോസിയേഷനുകൾ
Wednesday, April 2, 2025 1:09 AM IST
ന്യൂഡൽഹി: പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍ പ്ലാന്റേഷൻ റവന്യു ഭൂമിയിൽ ശബരിമല വിമാനത്താവളം അനുവദിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് ന്യൂഡൽഹിയിൽ കൂടിയ ജില്ലയിലെ വിവിധ മലയാളി അസോസിയേഷനുകളുടെ ഏകോപനസമിതി യോഗം ആവശ്യപ്പെട്ടു. ശബരിമല തീർഥാടകരുടെ ചിരകാലസ്വപ്നം സാക്ഷാത്കരിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം കൊടുമൺ ആണ്.
ശബരി വിമാനത്താവളം സാക്ഷാത്കരിക്കപ്പെടുന്നു എന്നു പറയാൻ തുടങിയിട്ടു വർഷങ്ങളായി. എന്നാൽ നിയമക്കുരുക്കിൽ നിൽക്കുന്ന ഒരു സ്ഥലത്ത് വിമാനത്താവളം എന്ന ആശയം നടപ്പാകില്ലെന്നുള്ള കാര്യം ഏവർക്കും അറിവുള്ളതാണ്.
അലക്സ് ജോർജ് തുവയൂർ അധ്യക്ഷത വഹിച്ചു. കൊടുമണ്‍ എയർപോർട്ട് ആക്ഷൻ കമ്മിറ്റി പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ ഉദ്ഘാടനം ചെയ്തു.
സജി കെ. ഡാനിയൽ, ബിജു ജോണ്‍, ബിനു സി. ജോർജ്,കെ.വി. ബേബി, ഷാജൻ ഏബ്രഹാം, സാലി വർഗീസ് എന്നിവർ പ്രസംഗിച്ചു. കൊടുമണ്‍ എയർപോർട്ട് ആക്ഷൻ കമ്മിറ്റി നടത്തുന്ന എല്ലാ സമര പരിപാടികൾക്കും യോഗം പിന്തുണ പ്രഖ്യാപിച്ചു. അലക്സ് ജോർജ് കണ്‍വീനർ ആയിട്ടുള്ള 51 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.