വനംകൈയേറ്റം കൂടുതൽ മധ്യപ്രദേശിൽ
Wednesday, April 2, 2025 2:19 AM IST
ന്യൂഡൽഹി: രാജ്യത്തെ 25 സംസ്ഥാനങ്ങളിലായി 13,000 ചതുരശ്ര കിലോമീറ്ററിലധികം വനഭൂമി കൈയേറിയതായി ദേശീയ ഹരിത ട്രൈബ്യൂണലിന്റെ റിപ്പോർട്ട്.
7506.48 ചതുരശ്ര കിലോമീറ്റർ വനഭൂമി കൈയേറിയതായി ഒരു ദേശീയ മാധ്യമ ഏജൻസി റിപ്പോർട്ട് ചെയ്തതോടെ വിഷയം ഹരിത ട്രൈബ്യൂണൽ സ്വമേധയാ പരിഗണിക്കുകയായിരുന്നു.
തുടർന്ന് 2023 ഏപ്രിലിൽ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും വനഭൂമി കൈയേറ്റ വിശദാംശങ്ങൾ ഒരു നിശ്ചിത ഫോർമാറ്റിൽ തയാറാക്കാൻ ഹരിത ട്രൈബ്യൂണൽ നിർദേശിച്ചു.
കഴിഞ്ഞദിവസം സംസ്ഥാനങ്ങൾ സമർപ്പിച്ച കണക്കു പ്രകാരം 2024 മാർച്ച്വരെ 13056 ചതുരശ്ര കിലോമീറ്റർ വനഭൂമി കൈയേറിയതായി ഹരിത ട്രൈബ്യൂണൽ റിപ്പോർട്ടിൽ വ്യക്തമാക്കി.
ഏറ്റവുമധികം വനഭൂമി കൈയേറിയത് മധ്യപ്രദേശിലാണ്. 5460.9 ചതുരശ്ര കിലോമീറ്റർ. ഏറ്റവും കുറവ് മണിപ്പുരിലും. 32.7 ചതുരശ്ര കിലോമീറ്റർ. കേരളത്തിൽ 49.75 ചതുരശ്ര കിലോമീറ്റർ വനം കൈയേറിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്താകെ ഇതുവരെ 409.77 ചതുരശ്ര കിലോമീറ്റർ വനഭൂമിയിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ബിഹാർ, ഹരിയാന, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, തെലുങ്കാന, ബംഗാൾ, നാഗാലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങളും ഡൽഹി, ജമ്മു കാഷ്മീർ, ലഡാക്ക് തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങളും ട്രൈബ്യൂണൽ ആവശ്യപ്പെട്ട റിപ്പോർട്ട് കൈമാറിയിട്ടില്ല. ഇതുകൂടി ലഭിക്കുന്പോൾ കൈയേറ്റത്തിന്റെ വ്യാപ്തി ഇനിയും വർധിച്ചേക്കാം.