വഖഫ് ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ
Wednesday, April 2, 2025 2:19 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി ബില്ല് ഇന്നു ലോക്സഭയിൽ അവതരിപ്പിച്ചു പാസാക്കുമെന്ന് കേന്ദ്രം. ലോക്സഭയിൽ ചോദ്യോത്തരവേള കഴിഞ്ഞാലുടൻ ഉച്ചയ്ക്ക് 12ന് അവതരിപ്പിക്കുന്ന ബില്ലിൻമേൽ എട്ടു മണിക്കൂർ ചർച്ച നിശ്ചയിച്ചിട്ടുണ്ട്.
ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു ചർച്ചയ്ക്കു മറുപടി നൽകും. ഇന്നു രാത്രിയോടെ ബിൽ വോട്ടിനിട്ടു പാസാക്കാനാണു തീരുമാനം. രാജ്യസഭയിൽ നാളെയാകും വഖഫ് ചർച്ചയും വോട്ടെടുപ്പും. പാർലമെന്റിന്റെ ബജറ്റ് സമ്മേളനം വെള്ളിയാഴ്ച സമാപിക്കും.
ലോക്സഭയിൽ ഇന്നു നടക്കുന്ന ചർച്ചയിലും വോട്ടെടുപ്പിലും നിർബന്ധമായും ഹാജരുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും സമാജ്വാദി പാർട്ടിയും ടിഡിപിയും അവരുടെ എംപിമാർക്കു മൂന്നുവരി വിപ്പു നൽകി.
ബിജെപിയും എസ്പിയും ലോക്സഭയിൽ ഇന്നത്തേക്കു മാത്രമായി വിപ്പു നൽകിയപ്പോൾ, ഇന്നും നാളെയും മറ്റന്നാളും ലോക്സഭയിൽ എല്ലാ കോണ്‍ഗ്രസ് എംപിമാരും ഉണ്ടാകണമെന്നു വിപ്പു നൽകിയിട്ടുണ്ട്.
എന്നാൽ വഖഫ് ബില്ലിനെ വോട്ടെടുപ്പിൽ അനുകൂലിക്കാനോ എതിർക്കാനോ ഭരണ, പ്രതിപക്ഷ പാർട്ടികൾ ഇന്നു വേറെ വിപ്പു നൽകുമോയെന്നതിൽ വ്യക്തതയില്ല. വഖഫ് ഭേദഗതിയെ അനുകൂലിക്കുമെന്ന് നിതീഷ് കുമാറിന്റെ ഐക്യജനതാദൾ ഇന്നലെ വ്യക്തമാക്കിയതോടെ ബിൽ ലോക്സഭയിൽ പാസാകുമെന്നാണു സൂചന.
ന്യൂനപക്ഷ വിരുദ്ധ ബില്ലെന്ന നിലയിൽ വഖഫ് ഭേദഗതിയെ എതിർക്കാൻ ഇന്നലെ രാത്രി ചേർന്ന ഇന്ത്യ സഖ്യം നേതാക്കളുടെ യോഗം തീരുമാനിച്ചു. കോണ്‍ഗ്രസ്, സിപിഎം, സിപിഐ, മുസ്ലിം ലീഗ്, എസ്പി, ഡിഎംകെ അടക്കമുള്ള പാർട്ടികൾ ഇക്കാര്യത്തിൽ ശക്തമായ നിലപാടു സ്വീകരിച്ചു. എന്നാൽ കെസിബിസി, സിബിസിഐ, ദീപിക നിലപാടുകൾ കണക്കിലെടുത്തു ബില്ലിനെ അപ്പാടെ എതിർക്കുന്ന കാര്യത്തിൽ കേരളത്തിലെ കോണ്‍ഗ്രസ് എംപിമാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടെന്നു സൂചനയുണ്ട്.
പാർട്ടിയിലെ എല്ലാ അഭിപ്രായങ്ങളും പരിഗണിക്കുമെന്ന് കെ.സി. വേണുഗോപാൽ വ്യക്തമാക്കി. സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിൽ സെൻട്രൽ ഹാളിൽ നാളെ രാവിലെ 9.30ന് നടക്കുന്ന കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിലും വഖഫ് അടക്കമുള്ള വിഷയങ്ങൾ ചർച്ചയാകും.
ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നത് അടക്കമുള്ള വഖഫ് ബില്ലിലെ വ്യവസ്ഥകളെ കേരള കോണ്‍ഗ്രസ് വിഭാഗങ്ങളിലെ എംപിമാരായ കെ. ഫ്രാൻസിസ് ജോർജും ജോസ് കെ. മാണിയും പാർലമെന്റിൽ അനുകൂലിച്ചേക്കും.
മുനന്പത്തെ മത്സ്യത്തൊഴിലാളികൾക്കു നീതി വേണമെന്ന് ഇരുവരും ചർച്ചയിൽ പരസ്യമായി ആവശ്യപ്പെടുമെന്നും സൂചനയുണ്ട്. എന്നാൽ വഖഫ് ട്രൈബ്യൂണലിൽ അമുസ്ലിംകളെ ഉൾപ്പെടുത്തുന്നതു പോലുള്ള ഭേദഗതികളെ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്-എം പാർട്ടികൾ എതിർക്കും. വകുപ്പുതിരിച്ചുള്ള വോട്ടെടുപ്പിൽ ഈ നിലപാടിന് അനുസരിച്ചാകും വോട്ടു ചെയ്യുക.
ഇതിനിടെ, മധുരയിലെ പാർട്ടി കോണ്‍ഗ്രസിൽ പങ്കെടുക്കാതെ ലോക്സഭയിലെയും രാജ്യസഭയിലെയും വഖഫ് ചർച്ചയിലും വോട്ടെടുപ്പിലും പങ്കെടുത്ത് ഭേദഗതി ബില്ലിനെ എതിർത്തു വോട്ടു ചെയ്യാൻ സിപിഎം തീരുമാനിച്ചു.
സിപിഎം ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാനായി മധുരയിലെത്തിയ കെ. രാധാകൃഷ്ണൻ അടക്കമുള്ള എംപിമാരെ ഇതിനായി പാർട്ടി നേതൃത്വം തിരിച്ചയച്ചു. മുസ്ലിംവോട്ടർമാരെ തൃപ്തിപ്പെടുത്തുന്നതോടൊപ്പം ബിജെപിയുടെ വർഗീയ, ന്യൂനപക്ഷ വിരുദ്ധ നീക്കത്തെ എതിർക്കാതെ കമ്യൂണിസ്റ്റു പാർട്ടികൾക്കു നിലനിൽപ്പില്ലെന്നു മുതിർന്ന എംപിമാർ പറഞ്ഞു.
ദേശീയതലത്തിൽ കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള ഇന്ത്യ സഖ്യം പാർട്ടികൾ ബില്ലിനെ എതിർത്തു വോട്ടു ചെയ്യും. എന്നാൽ ക്രൈസ്തവ സഭകളുടെ കർശന നിലപാട് കേരളത്തിലെ കോണ്‍ഗ്രസിനെ വെട്ടിലാക്കി.
വഖഫ് ബില്ലിന്മേൽ യുഡിഎഫിലും എൽഡിഎഫിലും ഉള്ള ഭിന്നതകൾ ഇന്നും നാളെയും നടക്കുന്ന പാർലമെന്റിലെ ചർച്ചകളിലും വോട്ടെടുപ്പിലും പ്രതിഫലിച്ചേക്കും. ഇരുമുന്നണിയിലും എല്ലാവരും ബില്ലിനെ എതിർത്തു വോട്ടു ചെയ്തേക്കില്ല. ചർച്ചയിലും വോട്ടെടുപ്പിലും എല്ലാ പാർട്ടികളും വഖഫ് പ്രശ്നത്തിൽ നിലപാടു വ്യക്തമാക്കാൻ നിർബന്ധിതമാകും.
വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ച് 12 മണിക്കൂർ ചർച്ച വേണമെന്ന് ഇന്നലെ ലോക്സഭയുടെ കാര്യോപദേശക സമിതി യോഗത്തിൽ പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും എട്ടു മണിക്കൂർ ചർച്ചയ്ക്കു ശേഷം വോട്ടിനിടുമെന്ന നിലപാടാണു സർക്കാർ സ്വീകരിച്ചത്. ഇതിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം യോഗം ബഹിഷ്കരിച്ചു. എന്നാൽ ചർച്ചയ്ക്ക് എട്ടു മണിക്കൂർ അനുവദിക്കാനാണു സ്പീക്കർ ഓം ബിർല തീരുമാനിച്ചത്.
രാഷ്ട്രപതിയുടെ പ്രസംഗത്തിൻമേലും ബജറ്റ് ചർച്ചയിലും 12 മണിക്കൂർ ചർച്ച ഉണ്ടായില്ലെന്നും ഇതിനു പ്രത്യേകമായി കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെടുന്നതിനു നീതീകരണമില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
മതസ്ഥാപനങ്ങളിൽ ഇടപെടുന്നില്ലെന്ന് മന്ത്രി റിജിജു
ന്യൂഡൽഹി: മതസ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തിൽ വഖഫ് ഭേദഗതി ബിൽ ഇടപെടുന്നില്ലെന്നും അവകാശങ്ങൾ നിഷേധിക്കപ്പെട്ടവർക്കുകൂടി അവകാശങ്ങൾ നൽകുന്നതിനാണു പുതിയ ബില്ലെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു.
ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതിയും (സിബിസിഐ) കേരള കാത്തലിക് ബിഷപ്സ് കൗണ്‍സിലും (കെസിബിസി) ബില്ലിനെ പിന്തുണച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കണമെന്ന് കേരളത്തിലെ എല്ലാ എംപിമാരോടും ക്രൈസ്തവ സഭ അഭ്യർഥിച്ചതിനെ അദ്ദേഹം സ്വാഗതം ചെയ്തു.
വഖഫ് ഭേദഗതി ബിൽ ഭരണഘടനാ വിരുദ്ധമാണെന്ന കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെ വാദം തെറ്റാണെന്ന് റിജിജു പറഞ്ഞു.
സ്വാതന്ത്ര്യത്തിനു മുന്‍പു മുതൽ വഖഫ് നിയമങ്ങൾ നിലവിലുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു. പാർലമെന്റിലെ ചർച്ചയിൽ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അഭിപ്രായം പ്രകടിപ്പിക്കാം. രാഷ്ട്രീയ പാർട്ടിയുടെ നിലപാട് കേൾക്കാൻ രാജ്യം ആഗ്രഹിക്കുന്നുണ്ടെന്നും റിജിജു കൂട്ടിച്ചേർത്തു.
നേരത്തേ, വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ച് ബിജെപി ദേശീയ ആസ്ഥാനത്തെത്തി മന്ത്രി റിജിജു പാർട്ടി വക്താക്കൾക്കു വിശദീകരണം നൽകി.
മുസ് ലിം സമൂഹത്തിനുള്ള നേട്ടങ്ങൾ എടുത്തുകാണിക്കണമെന്ന് അദ്ദേഹം ബിജെപി വക്താക്കളോട് നിർദേശിച്ചു. ബില്ലിനെ എല്ലാ മതേതര ശക്തികളും ശക്തിയായി എതിർക്കണമെന്ന് ഓൾ ഇന്ത്യ മുസ് ലിം പേഴ്സണൽ ലോ ബോർഡ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വഖഫ് ഭേദഗതി ബിൽ
2024 ഓഗസ്റ്റ് എട്ടിനാണ് വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. വഖഫ് ബോർഡുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും വഖഫ് സ്വത്തുക്കളുടെ മാനേജ്മെന്റ് മെച്ചപ്പെടുത്തുന്നതിനുമെന്ന പേരിൽ രണ്ടു ബില്ലുകളാണ് അവതരിപ്പിച്ചത്. വഖഫ് ഭേദഗതി ബിൽ- 2024, മുസൽമാൻ വഖഫ് റദ്ദാക്കൽ ബിൽ- 2024 എന്നിവ.
1995ലെ വഖഫ് നിയമത്തിൽ (യുണൈറ്റഡ് വഖഫ് മാനേജ്മെന്റ്, എംപവർമെന്റ്, എഫിഷ്യൻസി ആൻഡ് ഡെവലപ്മെന്റ് ആക്ട്) മാറ്റങ്ങൾ നിർദേശിക്കുന്നതും വഖഫ് സ്വത്തുക്കളുടെ മാനേജ്മെന്റ് പരിഷ്കരിക്കുന്നതുമാണ് ഭേദഗതി. കഴിഞ്ഞ വർഷം അവതരിപ്പിച്ച ബില്ല് പിന്നീട് സംയുക്ത പാർലമെന്ററി സമിതിക്കു വിട്ടു.
കേന്ദ്ര പോർട്ടൽ വഴി വഖഫ് രജിസ്ട്രേഷൻ കാര്യക്ഷമമാക്കുക, മുസ്ലിം സ്ത്രീകളെയും അമുസ്ലിംകളെയും ഉൾപ്പെടുത്തി കേന്ദ്ര വഖഫ് കൗണ്‍സിലും സംസ്ഥാന വഖഫ് ബോർഡുകളും പരിഷ്കരിക്കുക, വഖഫ് സ്വത്ത് പദവി നിർണയിക്കാൻ ജില്ലാ കളക്ടർമാർക്ക് അധികാരം നൽകുക തുടങ്ങിയവയാണു ഭേദഗതിയിലുള്ളത്. വഖഫ് സ്വത്തുക്കളുടെ സർവേ നടത്താനും കളക്ടർമാരെ അധികാരപ്പെടുത്തും.
നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ വഖഫ് സ്വത്തുക്കൾ തിരിച്ചുപിടിക്കുന്നതിനുള്ള നിയമ സംവിധാനങ്ങൾ, രേഖകളുടെ ഡിജിറ്റലൈസേഷൻ, മെച്ചപ്പെട്ട ഓഡിറ്റുകൾ, സുതാര്യത ഉറപ്പാക്കാനുള്ള ചട്ടങ്ങൾ തുടങ്ങിയവയും പുതിയ ബില്ലിലുണ്ട്. വഖഫ് തർക്കങ്ങളിൽ പരാതിക്കാർക്ക് ഹൈക്കോടതികളെ സമീപിക്കാമെന്നതാണു മറ്റൊരു പ്രധാന ഭേദഗതി. വഖഫ് ട്രൈബൂണലുകൾ തന്നെ അന്തിമതീർപ്പു കൽപ്പിക്കുന്ന നിലവിലെ രീതിക്കു പകരമാണിത്.
എതിർക്കാൻ ഇന്ത്യ സഖ്യം
വഖഫ് ഭേദഗതി ബില്ലിനെ ശക്തമായി എതിർക്കാൻ പ്രതിപക്ഷ ഇന്ത്യ സഖ്യം നേതൃയോഗത്തിൽ തീരുമാനം. ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധ സമീപനത്തിന്റെ തുടർച്ചയാണ് ഭേദഗതിയെന്നതിനാൽ അനുകൂലിക്കാനാകില്ല. മുസ്ലിംകളെ ലക്ഷ്യമിട്ടുള്ള വഖഫ് ഭേദഗതിയെ എതിർത്തില്ലെങ്കിൽ വൈകാതെ ഇതര ന്യൂനപക്ഷങ്ങൾക്കെതിരേ കേന്ദ്രം തിരിയുമെന്ന് യോഗത്തിൽ മുതിർന്ന നേതാക്കൾ ചൂണ്ടിക്കാട്ടി.
എന്നാൽ, മുനന്പത്തെ ജനതയുടെ ഭാവിക്കു ഭീഷണിയായതും ഭരണഘടനാ വിരുദ്ധവുമായ ചില ഭേദഗതികളെ അനുകൂലിക്കണമെന്ന് ജോസ് കെ. മാണി അടക്കമുള്ള ചില നേതാക്കൾ അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രഫ. രാംഗോപാൽ യാദവ്, ടി.ആർ. ബാലു, കെ.സി. വേണുഗോപാൽ, കനിമൊഴി, ജോസ് കെ. മാണി, ജോണ്‍ ബ്രിട്ടാസ്, അബ്ദുൾ വഹാബ് തുടങ്ങിയവർ പങ്കെടുത്തു.
വഖഫ് ബോർഡ് വലിയ ഭൂവുടമകൾ
ഇന്ത്യയിലാകെ 1.2 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള 9.4 ലക്ഷം ഏക്കർ ഭൂമിയാണു വഖഫ് ബോർഡുകൾ ഇപ്പോൾ നിയന്ത്രിക്കുന്നത്. 8.7 ലക്ഷം സ്വത്തുക്കൾ ഇതിലുണ്ട്. ലോകത്തിലെ ഏറ്റവും വലിയ വഖഫ് സ്വത്തുക്കൾ ഇന്ത്യയിലാണ്.
സൗദി അറേബ്യ പോലുള്ള ഇസ്ലാമിക രാജ്യങ്ങളിൽ പോലും ഇത്രയും വഖഫ് സ്വത്തുക്കളില്ല. ഇന്ത്യൻ പ്രതിരോധ വകുപ്പിനും റെയിൽവേക്കും ശേഷം രാജ്യത്തെ ഏറ്റവും വലിയ ഭൂവുടമകളാണ് വഖഫ് ബോർഡുകൾ.