ഫാ. സേവ്യർ വടക്കേക്കര കപ്പൂച്ചിൻ അന്തരിച്ചു
Tuesday, March 18, 2025 1:48 AM IST
ന്യൂഡൽഹി: പ്രമുഖ പ്രസാധകനും പത്രാധിപരുമായ ഫാ. സേവ്യർ വടക്കേക്കര ഒഎഫ്എം കാപ് (72) അന്തരിച്ചു. ഡൽഹി ഹോളിഫാമിലി ആശുപത്രിയിലായിരുന്നു അന്ത്യം.
സംസ്കാര ചടങ്ങുകൾ ഡൽഹി- ഉത്തർപ്രദേശ് അതിർത്തിക്കടുത്ത് മസൂറിയിലെ ദസ്നയിലുള്ള ക്രിസ്തുരാജ പള്ളിയിൽ ഇന്നുച്ചകഴിഞ്ഞ് 3.30ന് ആരംഭിക്കും. ചടങ്ങുകൾക്കുശേഷം ഭൗതികദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ന്യൂഡൽഹി എയിംസ് ആശുപത്രിയിൽ മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി കൈമാറും.
ഇംഗ്ലീഷ് വാരികയായ ഇന്ത്യൻ കറന്റ്സ് മുൻ എഡിറ്റർ, അസീസി മാസികയുടെ മുൻ ചീഫ് എഡിറ്റർ എന്നീ പദവികൾ വഹിച്ച ഫാ. സേവ്യർ ജീവൻ ബുക്സ് (ഭരണങ്ങാനം), മീഡിയ ഹൗസ് (ഡൽഹി, കോഴിക്കോട്) എന്നിവയുടെ സ്ഥാപകനുമാണ്.
1952 ജനുവരി 25ന് പാലായ്ക്കടുത്തുള്ള നീലൂരിൽ ജനിച്ച ഫാ. സേവ്യർ വടക്കേക്കര 1980ലാണ് പൗരോഹിത്യം സ്വീകരിച്ചത്. ഭാഗികമായ അന്ധത ബാധിച്ചിരുന്നെങ്കിലും ആ പരിമിതിയെ അതിജീവിച്ചാണു മാധ്യമപ്രവർത്തനരംഗത്ത് തന്റേതായ അധ്യായം കുറിച്ചത്.
1981-1983 കാലഘട്ടത്തിൽ അസീസി മാസികയുടെ മാനേജിംഗ് എഡിറ്ററും 1984-1986 വർഷങ്ങളിൽ ചീഫ് എഡിറ്ററുമായിരുന്നു. ഡൽഹിയിൽനിന്നു പ്രസിദ്ധീകരിച്ചിരുന്ന ഇന്ത്യ കറന്റ്സ് മാസിക വിജയത്തിലെത്തിക്കുന്നതിൽ ഫാ. സേവ്യർ സ്തുത്യർഹമായ പങ്ക് വഹിച്ചു.
വിരമിച്ചശേഷം കർമമണ്ഡലമായ ഡൽഹിയിൽനിന്നു കേരളത്തിലെത്തി കട്ടപ്പനയിലെ കപ്പൂച്ചിൻ ആശ്രമത്തിൽ സഹോദരൻ ഫാ. ബെനഡിക്ട് വടക്കേക്കരയോടൊപ്പമായിരുന്നു താമസം.
ഫെബ്രുവരിയിൽ ഡൽഹിയിലെത്തിയ അദ്ദേഹത്തെ രോഗബാധയെത്തുടർന്ന് ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.