രാഹുൽ സ്വന്തം മണ്ഡലത്തേക്കാൾ കൂടുതൽ സമയം വിയറ്റ്നാമിൽ ചെലവഴിക്കുന്നു: ബിജെപി
Sunday, March 16, 2025 1:33 AM IST
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സ്വന്തം മണ്ഡലത്തേക്കാൾ കൂടുതൽ വിയറ്റ്നാമിൽ സമയം ചെലവഴിക്കുന്നുവെന്ന് ബിജെപി.
അദ്ദേഹം പുതുവർഷം ആഘോഷിച്ചതു വിയറ്റ്നാമിലാണെന്നും ഇപ്പോൾ ഹോളി ആഘോഷിക്കാനായി വീണ്ടും വിയറ്റ്നാമിലേക്കു പോയിട്ടുണ്ടെന്നും ബിജെപി നേതാവ് രവിശങ്കർ പ്രസാദ് പറഞ്ഞു.
രാഹുൽ 22 ദിവസത്തിനടുത്ത് വിയറ്റ്നാം സന്ദർശിച്ചിട്ടുണ്ട്. ഇത് അദ്ദേഹം സ്വന്തം ലോക്സഭാ മണ്ഡലത്തിൽ ചെലവഴിച്ചതിനേക്കാൾ കൂടുതലാണ്. ഇന്ത്യ വിയറ്റ്നാമിനെ ബഹുമാനിക്കുണ്ടെന്നും എന്നാൽ രാഹുലിന്റെ തുടർച്ചയായുള്ള വിയറ്റ്നാം സന്ദർശനം ദുരൂഹതകൾ ഉയർത്തുന്നുവെന്നും രവിശങ്കർ പ്രസാദ് തുറന്നടിച്ചു.
സർക്കാർ ടെൻഡറുകളിൽ മുസ്ലിം വിഭാഗത്തിലെ കോണ്‍ട്രാക്ടർമാർക്ക് നാലു ശതമാനം സംവരണം ഏർപ്പെടുത്താനുള്ള കർണാടക സർക്കാരിന്റെ തീരുമാനം ഭരണഘടനാവിരുദ്ധമാണ്. കോണ്‍ഗ്രസിന്റെ പ്രീണനരാഷ്ട്രീയമാണ് ഇതിലൂടെ വ്യക്തമാകുന്നത്. തുടർച്ചയായ തോൽവികളിൽനിന്നു പാഠം ഉൾക്കൊള്ളാൻ കോണ്‍ഗ്രസ് തയാറാകുന്നില്ല. തീരുമാനം ദേശീയ ഐക്യത്തെ ബാധിക്കുന്നതാണെന്നും ബിജെപി അപലപിക്കുന്നുവെന്നും രവിശങ്കർ പറഞ്ഞു.
സാമൂഹിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ കണക്കിലെടുത്തുള്ള സംവരണമാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. സംവരണത്തിന് പരിധികളുണ്ട്. ഒരു വിഭാഗത്തിനു മാത്രമായി സംവരണം നൽകിയാൽ സാമൂഹികമായി പിന്നാക്കം നിൽക്കുന്ന മറ്റു വിഭാഗങ്ങളെ ബാധിക്കും-രവിശങ്കർ പ്രസാദ് പറഞ്ഞു.