തൊഴിലുറപ്പ് വേതനം വർധിപ്പിക്കണം; പാർലമെന്ററി സമിതി ശിപാർശ
Saturday, March 15, 2025 1:49 AM IST
ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വർധിപ്പിക്കണമെന്ന് പാർലമെന്ററി സമിതിയുടെ ശിപാർശ.
കോണ്ഗ്രസ് എംപി സപ്തഗിരി ശങ്കർ ഉലാക്ക അധ്യക്ഷനായ ഗ്രാമീണ വികസനത്തിന്റെ പാർലമെന്ററി സമിതിയാണ് തൊഴിലുറപ്പ് പദ്ധതിയുടെ പ്രതിദിന വേതനത്തിൽ വർധന വേണമെന്ന് കേന്ദ്രത്തോടു ശിപാർശ ചെയ്തത്. കഴിഞ്ഞ വർഷങ്ങളിൽ നിരവധി ശിപാർശകൾ നൽകിയിട്ടും സർക്കാർ കാര്യമായ മാറ്റങ്ങൾ നടപ്പിലാക്കാത്തതിൽ പാർലമെന്ററി സമിതി നിരാശ പ്രകടിപ്പിച്ചു.
കഴിഞ്ഞദിവസം ഗ്രാമീണ വികസന മന്ത്രാലയത്തിന്റെ ബജറ്റ് വിഹിതം അവലോകനം ചെയ്യുന്നതിനിടെയാണ് തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾക്കുള്ള വേതനം വർധിപ്പിക്കണമെന്ന ആവശ്യം സമിതി വീണ്ടും ഉയർത്തിയത്. ജീവിതച്ചെലവ് ഉയരുന്നതിനിടയിലും തൊഴിലാളികൾക്കുള്ള വേതനം വർധിക്കുന്നില്ലെന്നു സമിതി ചൂണ്ടിക്കാട്ടി. നിലവിൽ ഉപഭോക്തൃ വില സൂചികയുമായി ബന്ധപ്പെടുത്തിയാണ് തൊഴിലാളികൾക്കുള്ള വേതനം നൽകുന്നത്.
എന്നാൽ, ഈ സൂചിക പണപ്പെരുപ്പത്തിന്റെ സ്വാധീനം മുഴുവനായി ഉൾക്കൊള്ളുന്നില്ലെന്നും അതിനാൽത്തന്നെ വേതനം കണക്കു കൂട്ടേണ്ടത് അടിസ്ഥാനതലത്തിലെ യഥാർഥ സാന്പത്തികസാഹചര്യങ്ങൾ അനുസരിച്ചായിരിക്കണമെന്നും പാർലമെന്ററി സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു.
പദ്ധതിക്കു കീഴിൽ നൽകുന്ന വേതനം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും തുല്യമാക്കണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതിക്കു കീഴിൽ കേന്ദ്രം സംസ്ഥാനങ്ങൾക്കു നൽകാനുള്ള വിഹിതവിതരണത്തിൽ കാലതാമസം വരുത്തുന്നതിനെയും സമിതി കുറ്റപ്പെടുത്തി.
വേതനയിനത്തിൽ 12,219 കോടിയും സാധനസാമഗ്രികളുടെ ഇനത്തിൽ 11,227 കോടി രൂപയുമാണ് കേന്ദ്രത്തിന്റെ കുടിശിക. ഈ വർഷത്തെ ബജറ്റിൽ അനുവദിച്ചിരിക്കുന്ന തുകയുടെ (86,000 കോടി രൂപ) നാലിലൊന്നും കഴിഞ്ഞ സാന്പത്തികവർഷത്തെ കുടിശിക തീർപ്പാക്കാനായി ഉപയോഗിക്കേണ്ടിവരുമെന്നും റിപ്പോർട്ടിൽ പറയുന്നു.