കാൻഡമാൽ: പ്രതിചേർക്കപ്പെട്ട മുണ്ട ബഡമാജി വിടവാങ്ങി
Sunday, March 16, 2025 1:33 AM IST
കാൻഡമാൽ(ഒഡീഷ): കാൻഡമാൽ കലാപവുമായി ബന്ധപ്പെട്ട് പ്രതിചേർക്കപ്പെട്ട മുണ്ട ബഡമാജി നീതി ലഭിക്കാതെ വിടവാങ്ങി.
2008ൽ ഹൈന്ദവ നേതാവ് സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയെയും നാല് സഹപ്രവർത്തകരെയും മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് നിരക്ഷരനും ഭിന്നശേഷിക്കാരനുമായ മുണ്ട ബഡമാജി ഉൾപ്പെടെ പ്രദേശത്തെ ക്രൈസ്തവരായ ഏഴുപേരെ പ്രതിചേർത്തത്.
കൊലപാതകത്തിന്റെ ഉത്തരവാദിത്വം മാവോയിസ്റ്റുകൾ ഏറ്റെടുത്തെങ്കിലും മുണ്ട ബഡമാജി ഉൾപ്പെടെ ഏഴു ക്രൈസ്തവരെ രാത്രിയിൽ പോലീസ് വീടു വളഞ്ഞ് ഉറക്കത്തിൽനിന്ന് വിളിച്ചുണർത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
11 വർഷത്തെ ജയിൽവാസത്തിനുശേഷം 2019ൽ ഇവർക്കു സുപ്രീംകോടതി ജാമ്യം നൽകിയെങ്കിലും ഇവരുടെ അപ്പീലിന്മേൽ 12 വർഷം കഴിഞ്ഞിട്ടും ഒഡീഷ ഹൈക്കോടതി തീരുമാനമെടുത്തിട്ടില്ല. ഇതിനിടെയാണ് പക്ഷാഘാതം പിടിപെട്ടു കിടപ്പിലായിരുന്ന മുണ്ട ബഡമാജിയുടെ അന്ത്യം.