ഡിസിസി പ്രസിഡന്റുമാരുടെ സമ്മേളനം നടത്തും
Saturday, March 15, 2025 1:49 AM IST
സനു സിറിയക്
ന്യൂഡൽഹി: സംഘടനപരമായി പാർട്ടിയെ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലാ പ്രസിഡന്റുമാരുടെ സമ്മേളനം നടത്താൻ കോണ്ഗ്രസ് ആലോചിക്കുന്നു.
ജില്ലാ കോണ്ഗ്രസ് കമ്മിറ്റികളെ (ഡിസിസി) ശക്തീകരിക്കുന്നതിനും പാർട്ടി പ്രവർത്തനങ്ങളുടെ താഴെത്തട്ടിലെ കേന്ദ്രങ്ങളാക്കി ജില്ലാ കമ്മിറ്റികളെ മാറ്റാനുമുള്ള ദേശീയ നേതൃത്വത്തിന്റെ പദ്ധതിയുടെ ഭാഗമായാണു സമ്മേളനം.
പാർട്ടിയിൽ തീരുമാനങ്ങളെടുക്കുന്നതിനുള്ള ഘടന വികേന്ദ്രീകരിക്കുന്നതിനുള്ള ആദ്യപടിയാണു ഡിസിസി പ്രസിഡന്റുമാരുടെ സമ്മേളനം എന്നാണു പാർട്ടി വൃത്തങ്ങൾ പറയുന്നത്. ഇതിനുമുന്പ് 2009 ലാണ് അന്നത്തെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇത്തരമൊരു സമ്മേളനം നടന്നത്. അന്ന് ബ്ലോക്ക് പ്രസിഡന്റുമാരും സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
പാർട്ടി വളരണമെങ്കിൽ സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെല്ലണമെന്നും താഴെത്തട്ടിലെ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും അടുത്തിടെ നടന്ന കോണ്ഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കിയിരുന്നു.
കേരളത്തിലും കർണാടകയിലും ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ ജില്ലാ കമ്മിറ്റികൾ പുനഃസംഘടിപ്പിക്കാനും പുതിയ ജില്ലാ പ്രസിഡന്റുമാരെ നിയമിക്കാനും പാർട്ടി പദ്ധതിയിടുന്നുണ്ട്.
ഹരിയാന പോലുള്ള സംസ്ഥാനങ്ങളിൽ ഒരു ദശാബ്ദത്തിലേറെയായി പാർട്ടിയുടെ ജില്ലാ, ബ്ലോക്ക് കമ്മിറ്റികൾ പ്രവർത്തിക്കുന്നില്ല. ഇത്തരത്തിൽ സംഘടനാപരമായി പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളിൽ പാർട്ടിയെ കൂടുതൽ ശക്തമാക്കുന്നതിനുള്ള നടപടിയും കേന്ദ്ര നേതൃത്വം സ്വീകരിക്കും.
2009 ൽ നടത്തിയ സമ്മേളനം യുപിഎ സർക്കാരിനെ അധികാരത്തിലെത്തിക്കാൻ ശക്തമായ പങ്ക് വഹിച്ചുവെന്ന കണ്ടെത്തലാണ് ഇത്തരമൊരു സമ്മേളനം വീണ്ടും നടത്താൻ പാർട്ടിക്കു പ്രചോദനമായത്. ഇതോടൊപ്പം ജില്ലാ കമ്മിറ്റികൾ പഴയ പ്രതാപം വീണ്ടെടുക്കണമെന്ന് കേന്ദ്ര നേതൃത്വം ആഗ്രഹിക്കുന്നു.