ഇന്ത്യക്കെതിരേയുള്ള പരാമർശം; പാക്കിസ്ഥാൻ ആത്മപരിശോധന നടത്തണം: വിദേശകാര്യ മന്ത്രാലയം
Saturday, March 15, 2025 1:49 AM IST
ന്യൂഡൽഹി: ഇന്ത്യ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന പാക്കിസ്ഥാന്റെ പരാമർശത്തിനെതിരേ വിദേശകാര്യ മന്ത്രാലയം. പാക്കിസ്ഥാൻ ഉന്നയിച്ച ആരോപങ്ങളെ ഇന്ത്യ ശക്തമായി നിരസിക്കുന്നുവെന്നും ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം എവിടെനിന്നാണെന്ന് ലോകം മുഴുവനും അറിയാമെന്നും വിദേശകാര്യ വക്താവ് രണ്‍ധീർ ജയ്സ്വാൾ പറഞ്ഞു.
സ്വന്തം ആഭ്യന്തരപ്രശ്നങ്ങളുടെയും പരാജയങ്ങളുടെയും ഉത്തരവാദിത്വം മറ്റുള്ളവരിലേക്ക് നൽകുന്നതിനു പകരം പാക്കിസ്ഥാൻ ആത്മപരിശോധന നടത്തുകയാണു വേണ്ടെതെന്നും ജയ്സ്വാൾ കൂട്ടിച്ചേർത്തു.
ബലൂചിസ്ഥാനിലെ ട്രെയിൻ റാഞ്ചലുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുമായി സംസാരിക്കവേയാണു പാക്കിസ്ഥാൻ വിദേശകാര്യ വക്താവ് ഷഫ്ഖത്ത് അലി ഇന്ത്യക്കെതിരേ ആരോപണം ഉന്നയിച്ചത്.
ട്രെയിൻ റാഞ്ചൽ നടത്തിയവർ അഫ്ഗാനിസ്ഥാനിലുള്ള തീവ്രവാദികളുമായി ആശയവിനിമയം നടത്തിയിരുന്നു. പാക്കിസ്ഥാനെതിരേ ആക്രമണം നടത്താൻ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) പോലുള്ള തീവ്രവാദ ഗ്രൂപ്പുകൾ അഫ്ഗാൻ പ്രദേശം ഉപയോഗിക്കുന്നതു തടയാൻ നടപടി സ്വീകരിക്കണമെന്ന് അഫ്ഗാനിസ്ഥാനോട് തങ്ങൾ നിരന്തരം ആവശ്യപ്പെട്ടിരുന്നതായി വ്യക്തമാക്കിയ അലി, ഇത്തരം സംഘടനകൾക്ക് ഇന്ത്യ ധനസഹായം നൽകുന്നുണ്ടെന്ന നിലപാടിൽ തങ്ങൾ ഉറച്ചുനിൽക്കുന്നതായും പറഞ്ഞു. പാക്കിസ്ഥാനെതിരേ ഭീകരതയെ പിന്തുണയ്ക്കുന്നതിൽ ഇന്ത്യക്ക് ശക്തമായ പങ്കുണ്ട്.
ട്രെയിൻ റാഞ്ചൽ സംഭവവുമായി ബന്ധപ്പെട്ട് അഫ്ഗാനിസ്ഥാനിലേക്ക് എത്തിയ ഫോണ്‍കോളുകൾ തങ്ങളുടെ പക്കലുണ്ടെന്നും ആഗോളതലത്തിൽ തെറ്റായ പ്രചാരണം നടത്താൻ ഇന്ത്യ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അലി കുറ്റപ്പെടുത്തി.