സുവർണ ക്ഷേത്രത്തിൽ ഇരുന്പുവടി ആക്രമണം; അഞ്ചുപേർക്കു പരിക്ക്
Sunday, March 16, 2025 1:33 AM IST
ന്യൂഡൽഹി: പഞ്ചാബിലെ അമൃത്സറിൽ സുവർണക്ഷേത്രത്തിനുള്ളിൽ ഇരുന്പുവടിയുമായി അജ്ഞാതനായ ഒരാൾ നടത്തിയ ആക്രമണത്തിൽ അഞ്ചു ഭക്തർക്ക് പരിക്കേറ്റു.
ദർബാർ സാഹിബ് കമ്യൂണിറ്റി അടുക്കളയ്ക്കു സമീപമുള്ള ഏറ്റവും പഴക്കമേറിയ ഗുരു രാംദാസ് സത്രത്തിനുള്ളിലാണ് ആക്രമണം നടന്നത്. അക്രമിയും ഒപ്പമുണ്ടായിരുന്ന ആളും അറസ്റ്റിലായെന്ന് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. അപ്രതീക്ഷിതമായി അക്രമി ഇരുന്പുവടികൊണ്ട് ഭക്തരെ അക്രമിക്കുകയായിരുന്നു. ഇയാളുടെ ലക്ഷ്യമെന്തെന്നു വ്യക്തമല്ല.
സംഭവത്തിൽ പരിക്കേറ്റ ബട്ടിൻഡയിൽനിന്നുള്ള ഒരു സിഖ് യുവാവിന്റെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുണ്ട്. ഇയാൾ വല്ലയിലെ ശ്രീ ഗുരു രാംദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ചിന്റെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. ബട്ടിൻഡയ്ക്കു പുറമെ മൊഹാലി, പട്യാല എന്നിവിടങ്ങളിൽനിന്നുള്ളവരാണ് പരിക്കേറ്റ മറ്റു രണ്ട് വിശ്വാസികൾ. പരിക്കേറ്റവരിൽ രണ്ടുപേർ സുവർണ ക്ഷേത്രത്തിലെ പരിചാരകരാണ്.
അതേസമയം, പഞ്ചാബിനെ അസ്വസ്ഥമാക്കാൻ ചില ദുഷ്ടശക്തികൾ ഇടയ്ക്കിടെ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു. മയക്കുമരുന്നുപോലും അതിന്റെ ഭാഗമാണ്.
പാക്കിസ്ഥാൻ പതിവായി ഡ്രോണുകൾ അയയ്ക്കുന്നുണ്ട്. ക്ഷേത്രത്തിനുനേരേ ആക്രമണം നടത്തിയ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ അന്വേഷണം സജീവമാക്കിയിട്ടുണ്ട്. പഞ്ചാബ് പോലീസിന് ഏറ്റവും പുതിയ ഉപകരണങ്ങൾ നൽകിയിട്ടുണ്ടെന്നും പഞ്ചാബിലെ ക്രമസമാധാനനില മികച്ചതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.