കർണാടക സ്വർണക്കടത്ത് കേസ്: പോലീസിനെ കരുവാക്കിയെന്ന് ഡിആർഐ; ഡിആർഐ ഉപദ്രവിച്ചുവെന്ന് രന്യ റാവു
Sunday, March 16, 2025 1:33 AM IST
ബംഗളൂരു: കന്നഡ നടി രന്യ റാവു പ്രതിസ്ഥാനത്തുള്ള സ്വർണക്കടത്ത് കേസിൽ കർണാടകത്തിലെ പോലീസ് പ്രോട്ടോക്കോൾ ഓഫീസറെ തട്ടിപ്പുസംഘം കരുവാക്കിയതായി അന്വേഷണത്തിനു നേതൃത്വം നൽകുന്ന ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ).
ഈവർഷം ജനുവരിക്കുശേഷം 27 തവണ നടി ദുബൈ സന്ദർശിച്ചുവെന്നും രന്യ റാവുവിന്റെ ജാമ്യാപേക്ഷയെ എതിർത്ത് അന്വേഷണസംഘം കോടതിയെ അറിയിച്ചു. ഇതേത്തുടർന്ന് ബംഗളുരുവിലെ സാന്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള പ്രത്യേക കോടതി രന്യ റാവുവിന് ജാമ്യം നിഷേധിച്ചിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിക്കാനും ദുബായിൽനിന്ന് സ്വർണം വാങ്ങാനായി ഹവാല പണമിടപാടുകൾക്കുമാണ് സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസറെ മറയാക്കിയത്. അന്വേഷണസംഘത്തിന്റെ ഈ വാദങ്ങൾ കോടതി കണക്കിലെടുക്കുകയായിരുന്നു.
കർണാടകയിലെ ഡിജിപി റാങ്ക് ഉദ്യോഗസ്ഥനായ കെ.രാമചന്ദ്ര റാവുവിന്റെ വളർത്തുമകളാണ് രന്യ. കർണാടക സ്റ്റേറ്റ് പോലീസ് ഹൗസിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ എംഡിയുടെ ചുമതലയാണു രാമചന്ദ്ര റാവു നിർവഹിക്കുന്നത്.
അതിനിടെ, ഡിആർഐ ഉദ്യോഗസ്ഥർ പലതവണ മര്‍ദിച്ചെന്നും ഭക്ഷണം തരാതെ ചോദ്യംചെയ്യലിനു വിധേയയാക്കിയെന്നും രന്യ റാവു ആരോപിച്ചു. വെള്ള പേപ്പറില്‍ ഒപ്പുവയ്പിച്ചതായും ഡിആര്‍ഐ അഡീഷണല്‍ ഡയറക്ടര്‍ക്ക് അയച്ച കത്തില്‍ നടി ആരോപിച്ചു. കേസില്‍ നിരപരാധിയാണെന്നും ബംഗളൂരു പരപ്പന അഗ്രഹാര ജയില്‍ ചീഫ് സൂപ്രണ്ട് മുഖേന അയച്ച കത്തിൽ രന്യ ചൂണ്ടിക്കാട്ടി.
വിമാനത്തിനുള്ളില്‍വച്ച് തന്നെ അറസ്റ്റ് ചെയ്തു. വിശദീകരണം നല്കാന് അവസരം നല്‍കാതെയാണ് കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കുന്നതു വരെ ഉദ്യോഗസ്ഥര്‍ ശാരീരികമായി ആക്രമിച്ചു. കടുത്ത പീഡനം മൂലം അറുപതോളം ടൈപ്പ് ചെയ്ത പേജുകളിലും 40 ശൂന്യമായ പേജുകളിലും ഒപ്പിടാന്‍ നിര്‍ബന്ധിതയായെന്നും അവർ പരാതിയിൽ പറയുന്നു.
കെംപഗൗഡ വിമാനത്താവളത്തിൽവച്ചാണ് നടി അറസ്റ്റിലായത്. 14.8 കിലോ ഗ്രാം സ്വര്‍ണം ഇവരില്‍നിന്ന് കണ്ടെടുത്തു.