കൂടുതൽ കുട്ടികളെ ജനിപ്പിക്കൂ: തമിഴ്നാട് മുഖ്യമന്ത്രി
Tuesday, March 4, 2025 2:57 AM IST
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ മണ്ഡല പുനർനിർണായ ക നീക്കത്തെ പരോക്ഷമായി വിമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.
നിങ്ങൾ വേഗം കുട്ടികളെ ജനിപ്പിക്കൂ, അങ്ങനെയെങ്കിൽ മണ്ഡല പുനർനിർണയം നടത്തുന്പോൾ നമ്മുടെ സംസ്ഥാനത്തിന് നേട്ടമുണ്ടാകുമെന്നാണ് നാഗപട്ടണത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കവെ സ്റ്റാലിൻ പറഞ്ഞത്. കേന്ദ്ര സർക്കാരിന്റെ ജനസംഖ്യ അടിസ്ഥാനത്തിലുള്ള മണ്ഡല പുനർനിർണയത്തിനെതിരേയുള്ള പരിഹാസം കൂടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
സമയമെടുത്ത് കുടുംബാസൂത്രണം നടത്താനാണ് മുന്പൊക്കെ ദന്പതികളോട് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ കേന്ദ്രസർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന മണ്ഡല പുനർനിർണയ നയങ്ങൾ അനുസരിച്ച് ഇപ്പോൾ അങ്ങനെ പറയാൻ കഴിയില്ല.
കേന്ദ്ര സർക്കാരിന്റെ പുതിയ നയമനുസരിച്ച് കുടുംബാസൂത്രണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വിജയിച്ച തമിഴ്നാട് അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തഴയപ്പെടാൻ പോകുന്നു. അതിനാൽ നവദന്പതികളോട് കൂടുതൽ കുഞ്ഞുങ്ങൾക്കു ജന്മം നൽകാനും അവർക്ക് നല്ല തമിഴ് പേരുകൾ നൽകാനും താൻ അഭ്യർഥിക്കുകയാണെന്നും സ്റ്റാലിൻ പറഞ്ഞു.
2026ൽ കേന്ദ്രസർക്കാർ നടത്താൻ പദ്ധതിയിട്ടിരിക്കുന്ന മണ്ഡല പുനർനിർണയം തമിഴ്നാട് അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് സ്റ്റാലിന്റെ വാദം.
മണ്ഡല പുനർനിർണയം വിവാദമാക്കുന്നതിലൂടെ തമിഴ്നാട്ടിലെ ദുർഭരണത്തിൽനിന്നും കെടുകാര്യസ്ഥതയിൽനിന്നും ശ്രദ്ധ തിരിക്കാനാണ് ഡിഎംകെ ശ്രമിക്കുന്നതെന്നാണ് ബിജെപി ആരോപിക്കുന്നത്.