ഇന്ത്യ ലോകത്തിന്റെ ഫാക്ടറിയായി വളരുന്നു: മോദി
Sunday, March 2, 2025 2:05 AM IST
ന്യൂഡൽഹി: തന്റെ ‘വോക്കൽ ഫോർ ലോക്കൽ’ (പ്രാദേശികതയ്ക്ക് വേണ്ടിയുള്ള ശബ്ദം) പ്രചാരണംമൂലം ഇന്ത്യൻ ഉത്പന്നങ്ങൾ ആഗോളതലത്തിലേക്ക് വ്യാപിക്കുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇന്ത്യയുടെ പ്രാദേശിക ഉത്പന്നങ്ങൾ ഇപ്പോൾ ലോകമെന്പാടും അറിയപ്പെടുകയാണെന്നും രാജ്യം ഒരു ലോകശക്തിയായി മാറിയെന്നും ഡൽഹിയിലെ എൻഎക്സ്ടി കോണ്‍ക്ലേവിൽ അദ്ദേഹം പറഞ്ഞു. ലോകം പതിറ്റാണ്ടുകളായി ഇന്ത്യയെ ഒരു ബാക്ക് ഓഫീസായാണ് കണ്ടിരുന്നതെന്നും എന്നാൽ രാജ്യമിന്ന് ലോകത്തിന്റെ ഫാക്ടറിയായി മാറിയെന്നും മോദി പറഞ്ഞു.
രാജ്യം സെമികണ്ടക്ടറുകളും വിമാനവാഹിനിക്കപ്പലുകളും നിർമിക്കുന്നതിനോടൊപ്പംതന്നെ മഖാനയും ചെറുധാന്യ ഉത്പന്നങ്ങളും ഉത്പാദിപ്പിക്കുന്നുണ്ടെന്ന് മോദി വ്യക്തമാക്കി. ഓട്ടോമൊബൈൽ നിർമാണവും പ്രതിരോധ കയറ്റുമതിയും വർധിച്ചു.
പുതുതായി ആരംഭിച്ച ’ന്യൂസ് എക്സ് വേൾഡ്’ചാനലിന് ആശംസകളർപ്പിച്ചും മോദി സംസാരിച്ചു. രാജ്യത്തിനു വാർത്തകൾ ’നിർമിക്കേണ്ട’ ആവശ്യമില്ലെന്നും ഇന്ത്യയെ അതിന്റെ യഥാർഥ ചിത്രത്തോടെ തന്നെയാണ് ലോകത്തിനു മുന്നിൽ അവതരിപ്പിക്കേണ്ടതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പുതുതായി ആരംഭിച്ച ചാനൽ ഇന്ത്യയുടെ നേട്ടങ്ങൾ ലോകത്തിനു മുന്നിലെത്തിക്കുമെന്നും മോദി പറഞ്ഞു.