ഹരിയാനയിൽ യൂത്ത് കോൺഗ്രസ് വനിതാ നേതാവിന്റെ മൃതദേഹം സ്യൂട്ട്കേസിൽ
Monday, March 3, 2025 4:23 AM IST
റോഹ്തക്: ഹരിയാനയിൽ യൂത്ത് കോൺഗ്രസ് വനിതാ നേതാവ് ഹിമാനി നർവാളിന്റെ(22) മൃതദേഹം സ്യൂട്ട്കേസിൽ കണ്ടെത്തി. റോഹ്തക് ജില്ലയിലെ സാംപ്ല ബസ് സ്റ്റാൻഡിനു സമീപമാണു മൃതദേഹം കണ്ടെത്തിയത്. യൂത്ത് കോൺഗ്രസ് റോഹ്തക് ജില്ലാ വൈസ് പ്രസിഡന്റാണ് ഹിമാനി.
ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണു പോലീസിന്റെ നിഗമനം. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നു ഹരിയാന കോൺഗ്രസ് അധ്യക്ഷൻ ഭൂപീന്ദർ സിംഗ് ഹൂഡ ആവശ്യപ്പെട്ടു.
ഹരിയാനയിൽ ഇന്നലെ മുനിസിപ്പൽ തെരഞ്ഞെടുപ്പ് നടന്നതിനിടെയാണു യൂത്ത് കോൺഗ്രസ് നേതാവിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ഭാരത് ജോഡോ യാത്രയിൽ രാഹുൽഗാന്ധിക്കൊപ്പം ഹിമാനി പങ്കെടുത്തിരുന്നു. സോണിപ്പത്തിലെ കഥുര ഗ്രാമക്കാരിയാണ് ഇവർ. ഭൂപീന്ദർ ഹൂഡ, ദീപേ ന്ദർ ഹൂഡ എന്നിവർക്കായി തെരഞ്ഞെടുപ്പിൽ ഹിമാനി പ്രചാരണം നടത്തിയിരുന്നു. ഹിമാനി കൊല്ലപ്പെട്ട കേസിന്റെ അന്വേഷണത്തിന് ഹരിയാന പോലീസ് പ്രത്യേക അന്വേഷണസംഘം(എസ്ഐടി) രൂപവത്കരിച്ചു.