സമൂഹ മാധ്യമ പോസ്റ്റ് നീക്കം ചെയ്യുന്നതിനു മുന്പേ നോട്ടീസ് നൽകണോ?; കേന്ദ്രത്തോട് സുപ്രീംകോടതി
Tuesday, March 4, 2025 2:57 AM IST
ന്യൂഡൽഹി: സമൂഹ മാധ്യമത്തിലെ പോസ്റ്റ് നീക്കം ചെയ്യുന്നതിന് മുന്പേ അക്കൗണ്ട് ഉടമയ്ക്ക് നോട്ടീസ് നൽകുകയോ വിശദീകരണം തേടുകയോ വേണോ എന്ന് പരിശോധിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി.
ഉടമയുടെ അനുവാദമോ അറിവോ ഇല്ലാതെ സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിനെതിരേ സന്നദ്ധ സംഘടനയായ സോഫ്റ്റ്വെയർ ഫ്രീഡം ലോ സെന്റർ സമർപ്പിച്ച ഹർജിയിൽ കേന്ദ്രത്തിന് കോടതി നോട്ടീസ് അയച്ചു.
പോസ്റ്റിന് പിന്നിൽ തിരിച്ചറിയാവുന്ന ഒരാളുണ്ടെങ്കിൽ, ബന്ധപ്പെട്ട പോസ്റ്റ് നീക്കം ചെയ്യുന്നതിന് മുന്പ് അദ്ദേഹത്തിന്റെ ഭാഗം കേൾക്കണമെന്ന് പ്രാഥമികമായി അഭിപ്രായമുണ്ടെന്ന് കേസ് പരിഗണിക്കവെ ജസ്റ്റീസുമാരായ ബി.ആർ. ഗവായി, അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
എക്സ് അടക്കമുള്ള സമൂഹ മാധ്യമങ്ങൾ സർക്കാർ നിർദേശമനുസരിച്ച് ഉടമയുടെ അറിവില്ലാതെ പോസ്റ്റ് നീക്കം ചെയ്യാറുണ്ട്. ഇത്തരത്തിൽ പോസ്റ്റുകൾ നീക്കം ചെയ്യാൻ സർക്കാരിന് അധികാരമുണ്ടെങ്കിലും പോസ്റ്റ് ഉടമയ്ക്ക് നോട്ടീസ് നൽകണം. അല്ലാത്തപക്ഷം അത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും ഹർജിക്കാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്സിംഗ് കോടതിയിൽ വ്യക്തമാക്കി.
ഇത്തരത്തിൽ സുപ്രീംകോടതിയിലെ ഒരു മുതിർന്ന അഭിഭാഷകന്റെ എക്സ് അക്കൗണ്ട് ഒരു വർഷത്തോളമായി സസ്പെൻഡ് ചെയ്തതായും അഭിഭാഷക കോടതിയിൽ ചൂണ്ടിക്കാട്ടി.