ആശാ വര്‍ക്കര്‍മാര്‍ക്ക് ഗ്രാറ്റുവിറ്റി പ്രഖ്യാപിച്ച് ആന്ധ്ര സര്‍ക്കാര്‍
Monday, March 3, 2025 4:23 AM IST
വിജയവാഡ: ആശാ വര്‍ക്കര്‍മാര്‍ക്ക് ഗ്രാറ്റുവിറ്റി പ്രഖ്യാപിച്ച് ആന്ധ്രപ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെ തെരഞ്ഞടുപ്പു വാഗ്ദാനമായിരുന്നു ഇത്. കേരളത്തിൽ ആശാ വർക്കർമാർ ആനുകൂല്യങ്ങൾക്കായി ആഴ്ചകളായി സെക്രട്ടേറിയറ്റ് പടിക്കൽ സമരം ചെയ്യുന്പോഴാണ് ഗ്രാറ്റുവിറ്റി അടക്കം ആനുകൂല്യങ്ങൾ ആന്ധ്രപ്രദേശ് പ്രഖ്യാപിച്ചത്.
ആശാ വര്‍ക്കര്‍മാര്‍ക്ക് ഗ്രാറ്റുവിറ്റി നല്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് ആന്ധ്രപ്രദേശ്. ആശാ വര്‍ക്കര്‍മാര്‍ക്ക് ഏറ്റവും അധികം ശമ്പളവും ആന്ധ്രയിലാണ്. 10,000 രൂപയാണ് മാസം ശമ്പളം.ആകെ 42,752 ആശാ വര്‍ക്കര്‍മാരാണുള്ളത്. 30 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ ആശാ വര്‍ക്കര്‍ക്ക് ഒന്നരലക്ഷം രൂപ ഗ്രാറ്റുവിറ്റി ലഭിക്കും. ആദ്യ രണ്ടു പ്രസവങ്ങള്‍ക്ക് 180 ദിവസം ശമ്പളത്തോടുകൂടിയ പ്രസവാവധി ലഭിക്കും. ആശ വര്‍ക്കര്‍മാരുടെ വിരമിക്കല്‍ പ്രായം 60ല്‍നിന്ന് 62 ആയി ഉയര്‍ത്തി.