കങ്കണ-ജാവേദ് അഖ്തർ കേസ് ഒത്തുതീർപ്പാക്കി
Saturday, March 1, 2025 2:48 AM IST
മുംബൈ: ബോളിവുഡ് നടി കങ്കണ റണൗത്തിനെതിരേ പ്രശസ്ത കവിയും ഗാനരചയിതാവുമായ ജാവേദ് അഖ്തർ നല്കിയ അപകീർത്തിക്കേസ് ഒത്തുതീർപ്പാക്കി. അഖ്തറിനെതിരേ കങ്കണയും കേസ് നല്കിയിരുന്നു. അഞ്ചു വർഷത്തെ പോരാട്ടത്തിനാണു പരിസമാപ്തിയായത്.
ജാവേദ് അഖ്തറിനുണ്ടായ അസൗകര്യത്തിൽ ബിജെപി എംപികൂടിയായ കങ്കണ മാപ്പു ചോദിച്ചു.അഖ്തറിനെതിരേ നടത്തിയ പരാമർശങ്ങൾ കങ്കണ പിൻവലിച്ചു. ഭാവിയിൽ ഇത്തരം പരാമർശങ്ങൾ ഉണ്ടാകില്ലെന്നും കോടതിയെ അറിയിച്ചു. പ്രത്യേക കോടതി അത് അംഗീകരിച്ച് കേസ് തീർപ്പാക്കി.
കോടതിയിൽ ഹാജരാകുന്നതിനു മുന്പ്, അഖ്തറിനൊപ്പം ചിരിച്ചുനിൽക്കുന്ന ഫോട്ടോ കങ്കണ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു.