ഇപിഎഫ് പലിശനിരക്ക് 8.25% തുടരും
Saturday, March 1, 2025 2:48 AM IST
ന്യൂഡൽഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്ഒ) നിക്ഷേപങ്ങളുടെ പലിശനിരക്ക് മുൻ വർഷത്തേതിനു സമാനമായ 8.25 ശതമാനമായി നിലനിർത്തി സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (സിബിടി). കഴിഞ്ഞ വർഷം ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് പലിശനിരക്ക് മൂന്നു വർഷത്തിനിടെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഉയർത്തിയത്.
2022- 23 സാന്പത്തികവർഷത്തിൽ 8.15 ശതമാനമായിരുന്ന പലിശനിരക്കിലായിരുന്നു വലിയ മാറ്റം വരുത്തിയത്. എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷ്വറൻസ് (ഇഡിഎൽഎ) സ്കീമിനു കീഴിൽ ഒരു വർഷത്തെ തുടർച്ചയായ സേവനം പൂർത്തിയാക്കാതെ ഇപിഎഫ് അംഗം മരിക്കുന്ന സാഹചര്യത്തിൽ അനന്തരാവകാശിക്ക് 50,000 രൂപ ഇൻഷ്വറൻസ് ലഭിക്കും. നേരത്തെ, രണ്ടു സ്ഥാപനങ്ങളിലെ ജോലി പ്രവേശനത്തിൽ ഒന്നോ രണ്ടോ ദിവസത്തെ ഇടവേളയുണ്ടായാൽ ഇഡിഎൽഎ ആനുകൂല്യത്തെ ബാധിച്ചിരുന്നു.
രണ്ടു മാസംവരെ ഇടവേളയുണ്ടായാലും സേവനത്തുടർച്ച കണക്കാക്കി ഇഡിഎൽഎ ആനുകൂല്യം നൽകാനും ഇന്നലെ ചേർന്ന യോഗത്തിൽ തീരുമാനമായി. ആറു മാസം വരെ വിഹിതം അടയ്ക്കാതിരിക്കുന്ന അംഗത്തിന്റെ പേര് ഇപിഎഫിലുണ്ടെങ്കിൽ അദ്ദേഹത്തിന്റെ നോമിനിക്ക് ആനുകൂല്യം നൽകാനും യോഗത്തിൽ തീരുമാനിച്ചു.
പലിശനിരക്ക് ഉയർത്താത്തതിൽ ജീവനക്കാർ അസംതൃപ്തരാണ്. പണപ്പെരുപ്പവും വിലക്കയറ്റവും പൊതുവായ സാന്പത്തിക ദുരിതവും കണക്കിലെടുത്ത് പലിശനിരക്ക് ഉയർത്തുമെന്ന പ്രതീക്ഷയിലായിരുന്നു ജീവനക്കാർ.