ആകാശ് ആനന്ദിനെ ബിഎസ്പിയിൽനിന്ന്പുറത്താക്കി
Tuesday, March 4, 2025 2:57 AM IST
ലക്നോ: അനന്തരവൻ ആകാശ് ആനന്ദിനെ ബിഎസ്പിയിൽനിന്നു മായാവതി പുറത്താക്കി. പാർട്ടിയുടെ താത്പര്യാർഥമാണു നടപടിയെന്നു മായാവതി പറഞ്ഞു. ഞായറാഴ്ച പാർട്ടിപദവികളിൽനിന്ന് ആകാശിനെ നീക്കിയിരുന്നു.
ഭാര്യാപിതാവ് അശോക് സിദ്ധാർഥിന്റെ ചരടുവലിക്കനുസരിച്ചാണ് അകാശ് പ്രവർത്തിച്ചിരുന്നതെന്ന് മായാവതി കുറ്റപ്പെടുത്തിയിരുന്നു.
അശോകിനെയും നേരത്തേ ബിഎസ്പിയിൽനിന്നു പുറത്താക്കിയിരുന്നു. താൻ ജീവിച്ചിരിക്കുന്നിടത്തോളം പിൻഗാമിയെ പ്രഖ്യാപിക്കില്ലെന്നും മായാവതി അറിയിച്ചിരുന്നു.