ഡിജിറ്റൽ ഡാറ്റ സംരക്ഷണ നിയമത്തിന് മാതാപിതാക്കൾ അനുകൂലമെന്ന് സർവേ
Saturday, March 1, 2025 1:22 AM IST
ന്യൂഡൽഹി: ഡിജിറ്റൽ വ്യക്തിഗത ഡാറ്റ സംരക്ഷണ (ഡിപിഡിപി) നിയമത്തിന്റെ കരട് നിർദേശങ്ങളിൽ മാതാപിതാക്കൾ അനുകൂലമെന്ന് സർവേ.
സമൂഹമാധ്യമങ്ങൾ, ഒടിടി, ഓണ്‍ലൈൻ ഗെയിമിംഗ് എന്നീ ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളിൽ പ്രായപൂർത്തിയാകാത്തവർക്ക് അക്കൗണ്ടുകൾ ഉപയോഗിക്കാൻ മാതാപിതാക്കളുടെ സമ്മതവും വ്യക്തിഗത ഡാറ്റ സ്ഥിരീകരണവും നിർബന്ധമാക്കണമെന്നു ശിപാർശ ചെയ്യുന്ന ഡിപിഡിപി നിയമങ്ങൾ ഫലപ്രദമാണെന്നാണ് സർവേയിൽ പങ്കെടുത്ത 90 ശതമാനം മാതാപിതാക്കളുടെയും അഭിപ്രായം.
ലോക്കൽ സർക്കിൾസ് എന്ന സമൂഹമാധ്യമ പ്ലാറ്റ്ഫോമാണ് രാജ്യവ്യാപകമായി മാതാപിതാക്കൾക്കിടയിൽ സർവേ സംഘടിപ്പിച്ചത്.
ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളിൽ അക്കൗണ്ടുകൾ തുറക്കുന്നതിനായി നിരവധി കുട്ടികൾ തങ്ങളുടെ പ്രായം തെറ്റായി രേഖപ്പെടുത്തുന്നുണ്ടെന്ന് മാതാപിതാക്കൾ ചൂണ്ടിക്കാട്ടി. മിക്ക പ്ലാറ്റ്ഫോമുകളിലും പരിശോധനയില്ലാത്തതിനാൽ കുട്ടികൾക്ക് ഇവ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്നു.
അക്കൗണ്ട് ഉപയോഗിക്കുന്നവരുടെ യഥാർഥ പ്രായ നിർണയത്തിനായി ഡിപിഡിപി ശിപാർശ ചെയ്യുന്ന പ്രൊഫൈലിലെയും ഉള്ളടക്കത്തിലെയും വിവരങ്ങൾ ശേഖരിക്കുന്നതിനും നിർമിതബുദ്ധി ഉപയോഗിച്ചു പ്രായം നിർണയിക്കുന്നതിനും 58 ശതമാനം മാതാപിതാക്കളും സമ്മതം നൽകിയിട്ടുണ്ട്.
സർവേയിൽ രാജ്യത്തെ 349 ജില്ലകളിലായി 44,000 പ്രതികരണങ്ങളാണ് മാതാപിതാക്കളിൽനിന്നു ലഭിച്ചത്. തെറ്റായ പ്രായവിവരങ്ങൾ രേഖപ്പെടുത്തിയ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞ് അവ റദ്ദാക്കുകയോ മാതാപിതാക്കളുടെ അനുമതി വാങ്ങുകയോ ചെയ്യണമെന്ന നിബന്ധന ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകൾക്ക് സർക്കാർ നിർബന്ധമാക്കണമെന്ന് 88 ശതമാനം മാതാപിതാക്കളും പറഞ്ഞു.
ഈ വർഷം ജനുവരിയിൽ പുറത്തിറക്കിയ കരട് ഡിപിഡിപി നിയമങ്ങൾ പ്രായപൂർത്തിയായവരെ സംരക്ഷിക്കാൻ ലക്ഷ്യമിടുന്നുണ്ടെങ്കിലും അവരുടെ വ്യക്തിഗതവിവരങ്ങൾ അപകടത്തിലാക്കുന്ന പഴുതുകളുണ്ടെന്നും കേന്ദ്രം ഇവയെല്ലാം പരിഹരിക്കുമെന്നും മാതാപിതാക്കൾ പ്രതീക്ഷ പ്രകടിപ്പിച്ചു.