ഹിമാനി നൽവാൾ വധക്കേസ്: ആൺസുഹൃത്ത് അറസ്റ്റിൽ
Tuesday, March 4, 2025 2:57 AM IST
ചണ്ഡിഗഢ്: റോഹ്തക് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഹിമാനി നർവാളിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആൺസുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഝാജർ സ്വദേശി സച്ചിനെ ഡൽഹിയിൽനിന്നാണു പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. സ്യൂട്ട്കേസിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ മാർച്ച് ഒന്നിന് റോഹ്തക്കിൽനിന്നാണു ഹിമാനിയുടെ മൃതദേഹം കണ്ടെത്തിയത്.
റോഹ്തക്കിൽ മൊബൈൽഫോൺ കട നടത്തുന്ന സച്ചിൻ, ഒന്നരവർഷംമുന്പ് സോഷ്യൽമീഡിയവഴിയാണ് ഹിമാനിയുമായി സൗഹൃദത്തിലായത്.
ഫെബ്രുവരി 27ന് ഹിമാനിയുടെ വീട്ടിലെത്തിയ ഇയാൾ വാക്കുതർക്കത്തിലേർപ്പെട്ടശേഷം ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. പിന്നീട് സ്യൂട്ട് കേസിലാക്കി ഓട്ടോറിക്ഷ വിളിച്ച് സാംപ്ല ബസ് സ്റ്റാൻഡിൽ ഇറങ്ങി. ഓട്ടോറിക്ഷ മടങ്ങിയശേഷം സ്യൂട്ട്കേസ് അവിടെ ഉപേക്ഷിച്ചു.
മൊബൈൽഫോൺ ചാർജറാണ് പ്രതി കൊലയ്ക്കായി ഉപയോഗിച്ചത്. ശേഷം ഹിമാനിയുടെ ആഭരണങ്ങളും ലാപ്ടോപ്പും മോഷ്ടിച്ച് ഹിമാനിയുടെതന്നെ സ്കൂട്ടറിലാണ് ഇയാൾ രക്ഷപ്പെട്ടത്.