നാഗർകർണൂൽ തുരങ്ക ദുരന്തം: റെയിൽവേയും രക്ഷാപ്രവർത്തനത്തിന്
Friday, February 28, 2025 11:36 PM IST
ഹൈദരാബാദ്: തെലുങ്കാനയിലെ നാഗർകർണൂലിൽ മണ്ണിടിഞ്ഞു തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താൻ റെയിൽവേയും രംഗത്തിറങ്ങുന്നു.
തുരങ്കത്തിൽ കുടുങ്ങിയ എട്ട് തൊഴിലാളികളെ കണ്ടെത്താൻ സൗത്ത് സെൻട്രൽ റെയിൽവേയാണ് രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാകുന്നത്.
തുരങ്കത്തിനുള്ളിൽ രക്ഷാപ്രവർത്തനത്തിനു തടസമായിരിക്കുന്ന ഇരുമ്പ്, സ്റ്റീൽ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനാണു റെയിൽവേയുടെ സഹായം തേടിയിരിക്കുന്നത്. പ്ലാസ്മ കട്ടർ, ബ്രോക്കോ കട്ടിംഗ് മെഷീൻ തുടങ്ങിയ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വൈദഗ്ധ്യമുള്ള രണ്ടു ടീമുകളെയാണ് രക്ഷാപ്രവർത്തനത്തിനായി നിയോഗിച്ചിരിക്കുന്നത്.
ഡിവിഷണൽ മെക്കാനിക്കൽ എൻജിനിയർ എസ്. മുരളിയുടെ നേതൃത്വത്തിലുള്ള ആദ്യബാച്ച് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. രണ്ടാമത്തെ ബാച്ചും സ്ഥലത്തെത്തിയിട്ടുണ്ട്.
ഇന്നലെ രാവിലെ ഏഴിന് ഒരു സംഘം തുരങ്കത്തിലേക്കു പോയി അവശിഷ്ടങ്ങൾ നീക്കംചെയ്യുന്ന ജോലികൾ ആരംഭിച്ചു.
വെള്ളം നീക്കം ചെയ്യുന്ന ജോലികളും നടക്കുന്നുണ്ട്. ഏഴു ദിവസമായി എട്ടു പേർ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ സുരക്ഷിതരായി പുറത്തെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.