വിവാദങ്ങൾക്കൊടുവിൽ മാധബി പുരി ബുച്ച് സെബി അധ്യക്ഷസ്ഥാനമൊഴിഞ്ഞു
Saturday, March 1, 2025 1:22 AM IST
ന്യൂഡൽഹി: അമേരിക്കൻ നിക്ഷേപക കന്പനിയായ ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിവാദച്ചൂട് നേരിട്ട ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെ ബിയുടെ യുടെ (സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) ആദ്യ വനിതാ മേധാവി മാധബി പുരി ബുച്ച് സ്ഥാനമൊഴിഞ്ഞു.
കാലാവധി തീർന്നതിനെത്തുടർന്നാണ് സ്ഥാനമൊഴിഞ്ഞത്. നിലവിൽ കേന്ദ്ര റവന്യു സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയുമായ തുഹിൻ കാന്ത പാണ്ഡെയെ പുതിയ മേധാവിയായി വ്യാഴാഴ്ച രാത്രിയിൽ നിയമിച്ചു. സെബി അധ്യക്ഷയായി നിയമിക്കുന്നതിനുമുന്പ് പ്രമുഖ സ്വകാര്യബാങ്കായ ഐസിഐസിഐ ബാങ്കിലായിരുന്നു ബുച്ച് പ്രവർത്തിച്ചിരുന്നത്.
2017 ഏപ്രിലിലാണ് ബുച്ച് സെബിയുടെ മുഴുവൻസമയ ബോർഡംഗമാകുന്നത്. തുടർന്ന് 2022 മാർച്ചിൽ ആദ്യ വനിതാ ചെയർപേഴ്സണായി നിയമിതയായി. മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ അജയ് ത്യാഗിയുടെ പിൻഗാമിയായാണ് സെബി അധ്യക്ഷ സ്ഥാനത്തേക്ക് ബുച്ച് എത്തിയത്. സ്വകാര്യമേഖലയിൽനിന്ന് ഈ സ്ഥാനത്തേക്ക് എത്തുന്ന ആദ്യവ്യക്തിയും ബുച്ചായിരുന്നു.
ഇക്വിറ്റികളിലെ വേഗത്തിലുള്ള സെറ്റിൽമെന്റുകൾ, വിദേശ പോർട്ട്ഫോളിയോ നിക്ഷേപങ്ങളുടെ വർധനവ് തുടങ്ങിയ വിഷയങ്ങളിൽ നേട്ടമുണ്ടാക്കാൻ സാധിച്ചെങ്കിലും അവസാനകാലങ്ങളിൽ ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വലിയ വിവാദച്ചുഴിയിൽ ബുച്ച് അകപ്പെടുകയായിരുന്നു. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് രഹസ്യ വിദേശനിക്ഷേപങ്ങളിൽ ബുച്ചിനും അവരുടെ ഭർത്താവിനും പങ്കാളിത്തമുണ്ടെന്നായിരുന്നു ഹിൻഡൻബർഗിന്റെ റിപ്പോർട്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ അദാനി ഗ്രൂപ്പുമായി സെബി അധ്യക്ഷയ്ക്ക് ബന്ധമുണ്ടെന്നാരോപിച്ച് പ്രതിപക്ഷം പാർലമെന്റിനകത്തും പുറത്തും വലിയ പ്രതിഷേധമുയർത്തി. ബുച്ചിനെതിരേയുള്ള ആരോപണം കേന്ദ്രസർക്കാരിനെതിരേയുള്ള ആയുധമായാണ് പ്രതിപക്ഷം ഉപയോഗിച്ചത്.
ആരോപണങ്ങൾ മുൻനിർത്തി പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) വിശദീകരണം ആവശ്യപ്പെട്ട് ബുച്ചിനോട് കമ്മിറ്റിക്കു മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി അവർ അത് ഒഴിവാക്കുകയായിരുന്നു.
ബുച്ചിന്റെ ഈ നിലപാട് വീണ്ടും വിവാദത്തിന് വഴിവച്ചു. ഹിൻഡൻബർഗ് റിപ്പോർട്ടിൽ കേന്ദ്രസർക്കാർ ബുച്ചിനോട് വിശദീകരണം തേടിയോയെന്ന കാര്യം ഇതുവരെ പരസ്യമായി വ്യക്തമാക്കിയിട്ടില്ല.
പുതിയ മേധാവിയായി സ്ഥാനമേൽക്കുന്ന തുഹിൻ കാന്ത പാണ്ഡെ 1987 ബാച്ച് ഒഡീഷ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ്. മുന്പ് ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് വകുപ്പ് (ഡിപാം) സെക്രട്ടറിയായിരുന്നു.
രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരിവില്പനയിലൂടെ (ഐപിഒ) പൊതുമേഖലാ ഇൻഷ്വറൻസ് കന്പനിയായ എൽഐസി ഓഹരിവിപണിയുടെ ഭാഗമായത് പാണ്ഡെയുടെ നേതൃത്വത്തിലായിരുന്നു. മൂന്നു വർഷത്തേക്കാണ് പുതിയ മേധാവിയുടെ നിയമനം.