അല്ലബാഡിയയ്ക്ക് യൂട്യൂബ് ഷോ തുടരാം; സുപ്രീംകോടതി
Tuesday, March 4, 2025 2:57 AM IST
ന്യൂഡൽഹി: അശ്ലീല പരാമർശത്തെ തുടർന്ന് യൂട്യൂബറും പോഡ്കാസ്റ്ററുമായ രണ്‍വീർ അല്ലബാഡിയായുടെ ഷോകൾ സംപ്രേഷണം ചെയ്യുന്നതിന് ഏർപ്പെടുത്തിയ താത്കാലിക നിയന്ത്രണം നീക്കി സുപ്രീംകോടതി.
ഏത് പ്രായത്തിലുള്ളവർക്കും കാണാൻ കഴിയുന്ന തരത്തിൽ മാന്യവും ധാർമികത നിലനിർത്തിയുമുള്ള പരിപാടികൾ അവതരിപ്പിക്കണം എന്ന കർശന നിർദേശത്തോടെയാണ് "ദി രണ്‍വീർ ഷോ’ എന്ന യൂട്യൂബ് പരിപാടിക്ക് ഏർപ്പെടുത്തിയ താത്കാലിക നിരോധനം ജസ്റ്റീസുമാരായ സൂര്യകാന്ത്, എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് നീക്കം ചെയ്തത്.
കോടതിയുടെ പരിഗണനയിലിരിക്കുന്ന നടപടിക്രമത്തെക്കുറിച്ച് ഷോയിൽ യാതൊരു പരാമർശവും നടത്തരുതെന്നും കോടതി നിർദേശിച്ചു. വിദേശ യാത്രയ്ക്കുള്ള അനുമതി ആവശ്യപ്പെട്ടെങ്കിലും കോടതി നൽകിയില്ല.
സമൂഹ മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തേണ്ടതുണ്ടോ എന്ന് പരിശോധിക്കാൻ കേന്ദ്രത്തോടും കോടതി നിർദേശിച്ചു.