രോഹിത്തിന്റെ തടിയെ വിമർശിച്ച് ഷമയുടെ പോസ്റ്റ് ; പാർട്ടിയുടെ കാഴ്ചപ്പാടല്ലെന്നു കോണ്ഗ്രസ്
Tuesday, March 4, 2025 2:20 AM IST
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയുടെ ശരീര പ്രകൃതിയെ വിമർശിച്ചു സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട കോണ്ഗ്രസ് വക്താവ് ഷമ മുഹമ്മദ് വിവാദക്കുരുക്കിൽ.
പോസ്റ്റ് പാർട്ടിയുടെ കാഴ്ചപ്പാടല്ലെന്നും പോസ്റ്റ് നീക്കംചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോണ്ഗ്രസ് വ്യക്തമാക്കിയതിനു പിന്നാലെ ഷമ വിവാദ പോസ്റ്റ് നീക്കം ചെയ്തു.
ചാന്പ്യൻസ് ട്രോഫിയിൽ ഇന്ത്യ അപരാജിതരായി സെമിയിലെത്തി നിൽക്കുന്പോൾ ഇന്ത്യൻ ക്യാപ്റ്റനെ വിമർശിച്ചു പോസ്റ്റിട്ട ഷമയ്ക്കെതിരേ രൂക്ഷ വിമർശനവുമായി ബിജെപിയും പാക്കിസ്ഥാനിൽനിന്നുള്ള മാധ്യമപ്രവർത്തകരും രംഗത്തെത്തി.
രോഹിത് ശർമ തടി കുറയ്ക്കണമെന്നും ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം ക്യാപ്റ്റനാണ് രോഹിത്തെന്നുമാണ് ഷമ സമൂഹമാധ്യമമായ എക്സിൽ പോസ്റ്റിട്ടത്. പിന്നാലെ രോഹിത്തിന്റെ ശരീര പ്രകൃതിയെ പരിഹസിച്ച ഷമ മാപ്പ് പറയണമെന്ന് രോഹിത്തിന്റെ ആരാധകരും ബിജെപിയും ആവശ്യപ്പെട്ടു.
ഷമയുടെ പോസ്റ്റ് കോണ്ഗ്രസിന്റെ നിലപാടല്ലെന്നും കായിക ഇതിഹാസങ്ങളുടെ പൈതൃകത്തെ നശിപ്പിക്കുന്ന ഒരു പ്രസ്താവനയെയും പാർട്ടി പ്രോത്സാഹിപ്പിക്കില്ലെന്നും കോണ്ഗ്രസ് മാധ്യമവിഭാഗം തലവൻ പവൻ ഖേര പ്രതികരിച്ചു.
പോസ്റ്റിനെതിരേ വ്യാപക വിമർശനങ്ങളുയർന്നതിനും പോസ്റ്റ് നീക്കം ചെയ്യാൻ കോണ്ഗ്രസ് തന്നെ ആവശ്യപ്പെട്ടതിനും പിന്നാലെ ഷമ പോസ്റ്റ് നീക്കം ചെയ്തെങ്കിലും നിലപാടിൽ മയപ്പെട്ടിട്ടില്ല.
രോഹിത് ഒരു സാധാരണ ക്യാപ്റ്റനും സാധാരണ കളിക്കാരനും ആണെന്നും ഭാഗ്യം കൊണ്ടാണ് ഇന്ത്യൻ ക്യാപ്റ്റൻ വരെ ആയതെന്നും ഷമ വ്യക്തമാക്കി. എന്നാൽ, രോഹിത്തിന്റെ ശരീരത്തെ പരിഹസിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഒരു കായികതാരത്തിന് ആവശ്യമായതിനേക്കാൾ തടി രോഹിത്തിന് ഉള്ളതിനാൽ അത് ചൂണ്ടിക്കാട്ടിയതാണെന്നും ഷമ പറഞ്ഞു.