ഉത്തരാഖണ്ഡ് ഹിമപാതം മരണസംഖ്യ എട്ടായി, രക്ഷാപ്രവർത്തനം നിർത്തി
Monday, March 3, 2025 4:23 AM IST
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലിയിൽ ഹിമപാതത്തിൽ കാണാതായ തൊഴിലാളികളിൽ നാലു പേരുടെ മൃതദേഹം കണ്ടെത്തി. ഇതോടെ ഹിമപാതത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. അപകടത്തിൽപ്പെട്ട 54 തൊഴിലാളികളിൽ 46 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതോടെ 60 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു. ശനിയാഴ്ച നാലു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.
രക്ഷപ്പെടുത്തിയവരെ ജോഷിമഠ് സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നട്ടെല്ലിനു പരിക്കേറ്റ ഒരാളെ പിന്നീട് ഋഷികേശിലെ എയിംസിലേക്ക് വ്യോമമാർഗം കൊണ്ടുപോയി. പരിക്കേറ്റവരിൽ മൂന്നു പേരുടെ നില ഗുരുതരമാണെന്ന് ലഫ്.കേണൽ ഡി.എസ്. മാൽധ്യ പറഞ്ഞു.
വെള്ളിയാഴ്ച മനായ്ക്കും ബദരീനാഥിനുമിടയിൽ ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ (ബിആർഒ) ക്യാമ്പിലാണ് ഹിമപാതമുണ്ടായത്. സംഭവം നടക്കുമ്പോൾ ക്യാമ്പിലെ എട്ട് കണ്ടെയ്നറുകളിലും ഒരു ഷെഡ്ഡിലുമായി 54 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. നേരത്തേ 55 പേരാണ് അപകടത്തിൽപ്പെട്ടതെന്നു കരുതിയിരുന്നെങ്കിലും അവരിൽ ഒരാൾ വീട്ടിലേക്കുപോയിരുന്നെന്നു പിന്നീട് തിരിച്ചറിഞ്ഞു. ഐടിബിപി, ബിആർഒ, എൻഡിആർഎഫ്, എസ്ഡിആർഫ്, ഐഎഎഫ്, ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ്, ഫയർ ബ്രിഗേഡ് എന്നിവയിലെ ഇരുനൂറിലേറെ പേരാണു രക്ഷാപ്രവർത്തനം നടത്തിയത്. ഇന്ത്യ-ടിബറ്റ് അതിർത്തിയിലെ അവസാന ഗ്രാമമാണു മനാ.