ഉത്തരാഖണ്ഡിൽ ഹിമപാതം;25 തൊഴിലാളികൾ കുടുങ്ങി
Saturday, March 1, 2025 2:48 AM IST
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലിയിലുണ്ടായ ഹിമപാതത്തിൽ കുടുങ്ങിയ 32 തൊഴിലാളികളെ രക്ഷപ്പെടുത്തി. 25 പേർ മഞ്ഞിനടിയിൽ കുടുങ്ങി. 57 പേരാണ് ഹിമപാതത്തിൽപ്പെട്ടത്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. കുടുങ്ങിക്കിടക്കുന്നവർക്കായി സൈന്യത്തിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിവരികയാണ്.
കനത്ത മഴയും മഞ്ഞുവീഴ്ചയും മൂലം രക്ഷാപ്രവർത്തനം തത്കാലം നിർത്തിവച്ചു. ഹിമപാതം വീണ്ടും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് രക്ഷാപ്രവർത്തനം നിർത്തിവച്ചത്. കാലാവസ്ഥ അനുകൂലമാകുന്നതോടെ തെരച്ചിൽപുനരാരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ (ബിആർഒ) തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.ടിബറ്റ് അതിർത്തിയിലേക്കുള്ള സൈനിക നീക്കത്തിനായി മഞ്ഞ് നീക്കംചെയ്യുന്ന തൊഴിലാളികളാണിവർ.
ഇന്നലെ രാവിലെ അതിർത്തിഗ്രാമമായ മനായ്ക്കും മന പാസിനും ഇടയിലായിരുന്നു അപകടം. ബിആർഒയുടെ ക്യാമ്പുകള്‍ക്കു മുകളിലേക്കാണ് മഞ്ഞിടിഞ്ഞുവീണത്. ക്യാമ്പുകളിലെ കണ്ടെയ്നര്‍ വീടുകൾക്കുള്ളിലാണു തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നത്.
ഇന്ത്യ-ടിബറ്റ് അതിർത്തിയിലെ അവസാന ഗ്രാമമാണ് മന. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷപ്പെടുത്താൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു.
കേന്ദ്ര, സംസ്ഥാന ദുരന്തപ്രതികരണ സേനകളും ജില്ലാ ഭരണകൂടവും ഇൻഡോ ടിബറ്റൻ ബോർഡർ പോലീസും (ഐടിബിപി) ബിആർഒയും രക്ഷാപ്രവർത്തനം നടത്തിവരികയാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ (എൻഡിആർഎഫ്) നാല് ടീമുകളെയാണ് രക്ഷാപ്രവർത്തിനായി അയച്ചിരിക്കുന്നത്.
ചമോലി, ഉത്തരകാശി, രുദ്രപ്രയാഗ്, പിത്തോർഗഡ്, ബാഗേശ്വർ ജില്ലകളിൽ വ്യാഴാഴ്ച വൈകുന്നേരം മുതൽ 24 മണിക്കൂർ നേരത്തേക്ക്ുഹിമപാത മുന്നറിയിപ്പുണ്ടായിരുന്നു. ഡിഫൻസ് ജിയോഇൻഫോർമാറ്റിക്സ് റിസർച്ച് എസ്റ്റാബ്ലിഷ്മെന്റ് (ഡിജിആർഇ) വിഭാഗമാണ് മുന്നറിയിപ്പ് നൽകിയിരുന്നത്. ഈ ജില്ലകളിൽ ഇന്നലെ ഒറ്റപ്പെട്ട കനത്ത മഴയും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് ഡെറാഡൂണിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിച്ചിരുന്നു.