125 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ഫെബ്രുവരി
Sunday, March 2, 2025 2:05 AM IST
ന്യൂഡൽഹി: കാലാവസ്ഥ രേഖപ്പെടുത്താൻ തുടങ്ങിയ 1901നുശേഷം ഏറ്റവും ചൂടേറിയ ഫെബ്രുവരിയായിരുന്നു കഴിഞ്ഞ മാസത്തേതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്.
കഴിഞ്ഞമാസം രാജ്യത്തെ ശരാശരി താപനില 22.04 ഡിഗ്രി സെൽഷ്യസായിരുന്നുവെന്നും ഇത് സാധാരണയെക്കാൾ 1.34 ഡിഗ്രി സെൽഷ്യസ് അധികമാണെന്നും കേന്ദ്രം അറിയിച്ചു. വരുന്ന വേനൽകാലം രാജ്യത്ത് ഒട്ടുമിക്ക പ്രദേശങ്ങളിലും സാധാരണയെക്കാൾ ചൂടുണ്ടാകുമെന്നും മാർച്ച് മുതൽ മേയ് വരെ ഉഷ്ണതരംഗം അനുഭവപ്പെടുന്ന ദിനങ്ങൾ വർധിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഫെബ്രുവരിയിലെ ശരാശരി താപനില ഏറ്റവുമധികം രേഖപ്പെടുത്തിയിട്ടുള്ളത് തെക്കേ ഇന്ത്യയിലാണ്. തെക്കേ ഇന്ത്യയിൽ 26.75 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയപ്പോൾ മധ്യഭാരതത്തിൽ 24.6 ആണ് ഫെബ്രുവരിയിലെ ശരാശരി താപനില.
രാജ്യത്തിന്റെ കിഴക്കും വടക്കു കിഴക്കും സംസ്ഥാനങ്ങളിൽ 20.14 ഡിഗ്രി സെൽഷ്യസും വടക്കു പടിഞ്ഞാറിൽ 17.11 ഡിഗ്രിയുമാണ് താപനില. കഴിഞ്ഞ ആഴ്ച കണ്ണൂരിൽ പരമാവധി താപനില 40 ഡിഗ്രി സെൽഷ്യസിലും മുംബൈയിൽ 38 ഡിഗ്രിയിലും എത്തിയിരുന്നു.
ഉഷ്ണതരംഗങ്ങൾ കുട്ടികളെയും പ്രായമായവരെയും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരെയും ബാധിക്കുമെന്നും ജാഗ്രത പാലിക്കണമെന്നും കേന്ദ്രം മുന്നറിയിപ്പു നൽകി. കഴിഞ്ഞ ജനുവരി മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ രാജ്യത്ത് 59% മഴക്കുറവും രേഖപ്പെടുത്തിയിട്ടുണ്ട്.