സിയുഇടി-യുജി രജിസ്ട്രേഷൻ ആരംഭിച്ചു
സ്വന്തം ലേഖകൻ
Monday, March 3, 2025 4:23 AM IST
ന്യൂഡൽഹി: കേന്ദ്ര സർവകലാശാലകളിൽ പങ്കാളിയാകുന്ന മറ്റു സർവകലാശാലകളുടെ ബിരുദ പ്രവേശനത്തിനുള്ള കോമണ്‍ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിനുള്ള (സിയുഇടി-യുജി) രജിസ്ട്രേഷൻ ആരംഭിച്ചു.
മാർച്ച് 22 വരെ വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ cuet.nta. nic.in വഴി രജിസ്റ്റർ ചെയ്യാം. മേയ് എട്ടു മുതൽ ജൂണ്‍ ഒന്നു വരെയാണ് പ്രവേശന പരീക്ഷ. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ആസാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉർദു എന്നീ 13 ഭാഷകളിൽ വിദ്യാഥികൾക്ക് പരീക്ഷ എഴുതാം.
കഴിഞ്ഞ വർഷം 61 വിഷയങ്ങളുണ്ടായിരുന്നത് ഇക്കുറി 37 വിഷയങ്ങളായി ചുരുക്കി. പൂർണമായും കംപ്യൂട്ടർ അധിഷ്ഠിതമായി നടക്കുന്ന പരീക്ഷയിൽ ഒരാൾക്ക് അഞ്ച് വിഷയങ്ങളിൽ പരീക്ഷ എഴുതാൻ സാധിക്കും. നേരത്തേ ഇത് ആറായിരുന്നു. എന്നാൽ 12-ാം ക്ലാസിൽ പഠിക്കാത്ത വിഷയം ആണെങ്കിലും ഇത്തവണ വിദ്യാർഥിക്ക് തെരഞ്ഞെടുക്കാൻ സാധിക്കും. 60 മിനിറ്റുള്ള പരീക്ഷയിൽ ഇത്തവണ ഓപ്ഷണൽ ചോദ്യമില്ല.
അതിനാൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകണം. ജനറൽ വിഭാഗത്തിൽ മൂന്നുവരെ വിഷയങ്ങൾക്ക് 1,000 രൂപയാണ് ഫീസ്. അധിക ഒരോ വിഷയത്തിനും 400 രൂപ നൽകണം. ഒബിസി, ഇഡബ്ല്യുഎസ് വിഭാഗത്തിൽ മൂന്നുവരെ വിഷയങ്ങൾക്ക് 900 രൂപയും അധിക വിഷയങ്ങൾക്ക് 375 രൂപയുമാണ്. എസ്സി, എസ്ടി, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗത്തിൽ 800 രൂപയും അധികവിഷയത്തിന് 350 രൂപയും നൽകണം.