ധാതു പര്യവേക്ഷണം ; ലൈസൻസ് ആദ്യലേലം ഈ മാസമെന്നു കേന്ദ്രം
Saturday, March 1, 2025 2:48 AM IST
ന്യൂഡൽഹി: ധാതുക്കൾ പര്യവേക്ഷണം ചെയ്യുന്നതിനുള്ള ലൈസൻസിന്റെ (മിനറൽ എക് സ്പ്ലൊറേഷൻ ലൈസൻസ്) ആദ്യലേലം ഈ മാസം നടക്കുമെന്ന് കേന്ദ്ര ഖനി മന്ത്രാലയം.
ഖനികളുടെയും ധാതുക്കളുടെയും നിയന്ത്രണത്തിനുള്ള 2023ലെ നിയമത്തിൽ ഭേദഗതി വരുത്തിയാണ് നിർണായകവും ആഴത്തിലുള്ളതുമായ ധാതുക്കൾക്ക് ലേലത്തിലൂടെ പര്യവേക്ഷണ ലൈസൻസ് അനുവദിക്കുന്നതിനുള്ള വ്യവസ്ഥ വരുത്തിയതെന്ന് മന്ത്രാലയം അറിയിച്ചു.
കേരളവും ആസാമും ജമ്മുകാഷ്മീരും ധാതുലേല ഭൂപടത്തിൽ ഉടൻ ഇടം പിടിക്കുമെന്നും ഖനി മന്ത്രാലയം അറിയിച്ചു.
നിലവിൽ 14 സംസ്ഥാനങ്ങളിലെ ധാതുപര്യവേക്ഷണത്തിനുള്ള ലൈസൻസ് ലേലത്തിലൂടെ നൽകുന്നുണ്ടെന്നും കേരളമടക്കമുള്ള മൂന്നു സംസ്ഥാനങ്ങൾകൂടി ഈ വർഷത്തെ ലേലത്തിൽ പങ്കെടുക്കുമെന്നും കേന്ദ്ര ഖനി മന്ത്രി ജി. കിഷൻ റെഡ്ഢി അറിയിച്ചു.
ഒരു പ്രദേശത്തെ ധാതുക്കൾ പര്യവേക്ഷണം ചെയ്യന്നതിന് ഏജൻസികൾക്ക് അനുമതി നൽകുന്ന മിനറൽ എക്സ്പ്ലൊറേഷൻ ലൈസൻസ് ലേലം ചെയ്യാനുള്ള അനുവാദം നേരത്തേ സംസ്ഥാനങ്ങൾക്കു നൽകിയിരുന്നെങ്കിലും ഖനന കന്പനികളെ ആകർഷിക്കുന്നതിൽ സംസ്ഥാനസർക്കാരുകൾ പരാജയപ്പെട്ടുവെന്ന് കണ്ടാണ് ലേലം നടത്തുന്നതിനുള്ള ഉത്തരവാദിത്വം കേന്ദ്രം ഏറ്റെടുത്തിരിക്കുന്നത്.
ലേലനടപടികളുടെ തുടക്കം മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നും പര്യവേക്ഷണ പ്രവർത്തനങ്ങൾക്കായി മൂന്നു വർഷമെങ്കിലും എടുക്കുമെന്നുമാണ് മന്ത്രാലയം അറിയിച്ചത്.
അതിനിടെ, കേരളതീരത്ത് കടൽമണൽ ഖനനം ആരംഭിക്കുന്നതിനുമുന്പ് പരിസ്ഥിതി ആഘാത പഠനം നടത്തുമെന്ന് കേന്ദ്ര ഖനി മന്ത്രാലയം സെക്രട്ടറി വി.എൽ. കാന്ത റാവു അറിയിച്ചു.